കായംകുളം: ജില്ലയിലെ സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. "പ്ലസ് ടു ഫസ്റ്റ് സ്റ്റെപ് " എന്ന പേരിലുള്ള പദ്ധതി ജില്ലയിലെ 82യൂണിറ്റുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെയും അധ്യാപകരുടെയും വോളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
പ്ലസ് വൺ ഓൺലൈൻ അഡ്മിഷൻ പ്രക്രിയ ആരംഭിക്കുന്ന ദിവസം മുതൽ സേവനം പ്രയോജനപ്പെടുത്താം. എൻ.എസ്.എസ് യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ എല്ലായിടത്തും ഈ സേവനമുണ്ടാകും. സ്കൂളിൽ എത്തേണ്ട സമയം മുൻകൂട്ടി നിശ്ചയിച്ചു നൽകും. എൻ.എസ്.എസ് യൂണിറ്റുകൾ ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഈ യൂണിറ്റുള്ള തൊട്ടടുത്ത സ്കൂളുകളിൽ സൗകര്യമൊരുക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പ്യൂട്ടർ കേന്ദ്രങ്ങളിലും അക്ഷയ സെന്ററുകളിലും അനുഭവപ്പെടാറുള്ള തിരക്ക് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. മാസ്ക് ചലഞ്ചിനും ഓൺലൈൻ പഠന സഹായ വിതരണത്തിനും ശേഷം എൻ.എസ്.എസ് ഈ വർഷം സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാമത്തെ വലിയ പദ്ധതിയാണിതെന്നു ജില്ലാ കൺവീനർ കെ.വി വസന്തരാജൻ അറിയിച്ചു.