ആലപ്പുഴ: ജില്ലയിൽ 20 പരീക്ഷാകേന്ദ്രങ്ങളിലായി 6220 വിദ്യാർത്ഥികൾ ഇന്ന് കീം എൻട്രൻസ് പരീക്ഷയെഴുതും.നഗരത്തിൽ എസ്.എൽ പുരം മുതൽ പുന്നപ്ര വരെയുള്ള പ്രദേശത്തെ 20 സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങൾ.കൊവിഡ്19 വ്യാപനം തടയുന്നതിനു വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾനടത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് യൂണിറ്റുകൾ അണുനശീകരണം നടത്തി. കായംകുളം, ചേർത്തല ഒഴികെയുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസ് സർവീസുണ്ടാകും. പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും പത്ത് സന്നദ്ധ സേവകരുടെ സാന്നിദ്ധ്യമുണ്ടാകും. കുട്ടികളുടെ തെർമൽ സ്കാനിംഗ്, സാനിട്ടൈസിംഗ് എന്നിവയുടെ ചുമതല ഇവർക്കായിരിക്കും. ക്വാറന്റെൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക മുറികൾ സജ്ജീകരിക്കും.എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് സാനിട്ടൈസറുകളും ഗ്ലൗസുകളും അധികൃതർ ഉറപ്പ് വരുത്തിയിട്ടുണ്ട്.
പരീക്ഷ
രാവിലെ 10 മുതൽ 12 വരെ - ഫിസിക്സ്, കെമിസ്ട്രി
ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ - കണക്ക്