തുറവൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങളുടെ ഉപജീവന മാർഗം നിലച്ച സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യ കിറ്റുകളും, മറ്റു സഹായങ്ങളും എത്തിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അരുർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നൂറ് കണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നതിനാൽ തീരദേശം ഉൾപ്പടെ ജനങ്ങളുടെ തൊഴിലും വരുമാനവും നിലച്ചു. പഞ്ചായത്തുതലത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ട . പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. ഉമേശൻ, ദിലീപ് കണ്ണാടൻ, എം.ആർ. രവി, കെ.കെ. പുരുഷോത്തമൻ, രാജു സ്വാമി, എബ്രാഹം കുഞ്ഞാപ്പച്ചൻ, അഡ്വ. വിജയ് കുമാർ വാലയിൽ, ജോയി കൊച്ചുതറ, അഷറഫ് എന്നിവർ സംസാരിച്ചു.