അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന, 70 വയസുകാരനായ കാൻസർ രോഗിക്കുള്ള പ്ളാസ്മയുമായി ആംബുലൻസ് ഡ്രൈവർ മാത്യുവും ഗ്രേഡ് വൺ സ്റ്റാഫ് രാജേഷും 'പറന്നു'നിന്നത് 14 മണിക്കൂർ!
കൊവിഡ് രോഗം സുഖപ്പെട്ട ആളുകളിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കേണ്ടത്. അനുയോജ്യമായ ഗ്രൂപ്പും ആയിരിക്കണം. ഇതു ശേഖരിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടെങ്കിലും അനുയോജ്യനായ ദാതാവിനെ ലഭിക്കാൻ താമസമുണ്ടാകുമെന്നതിനാൽ മെഡിക്കൽ ബോർഡ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിനെ ബന്ധപ്പെട്ടു. അവിടെ പ്ലാസ്മ ലഭ്യമാണെന്നറിഞ്ഞു. ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി. ഇതോടെയാണ് ആംബുലൻസ് ഡ്രൈവർ മാത്യുവും സ്റ്റാഫ് രാജേഷും താരങ്ങളായത്. ഐസ് ബോക്സുമായി നേരെ മഞ്ചേരിയിലേക്ക്. അവിടെ നിന്ന് പ്ളാസ്മയുമായി തിരികെ ആലപ്പുഴയിലേക്ക്. മൊത്തം 14 മണിക്കൂർ യാത്ര.
ഈ സമയം കൊടുക്കേണ്ട മറ്റു മരുന്നുകളും ഐ.സി.യു ചികിത്സയും രോഗിക്ക് ലഭ്യമാക്കി. പ്ലാസ്മ എത്തിയ ഉടൻ പ്ലാസ്മ തെറാപ്പിയും ആരംഭിച്ചു. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മാത്യുവിനെയും രാജേഷിനെയും പ്രിൻസിപ്പൽ ഡോ. വിജയലക്ഷ്മിയും സൂപ്രണ്ട് ഡോ. രാംലാലും അഭിനന്ദിച്ചു.