ജോലി നഷ്ടപ്പെട്ടവർ കൂട്ടത്തോടെ പച്ചക്കറി കച്ചവടത്തിലേക്ക്
ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞിട്ടും കാര്യമായ ഉണർവില്ലാതെ പച്ചക്കറി വിപണി. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെടുകയും, വരുമാനം നിലയ്ക്കുകയും ചെയ്ത പലരും പച്ചക്കറി വിപണനത്തിലേക്ക് തിരിഞ്ഞു. ഇതോടെ സ്ഥിരം കച്ചവടക്കാർക്ക് വിപണനം കുറഞ്ഞു. കടൽ മത്സ്യം കിട്ടാതായതോടെ ഭൂരിഭാഗം പേരും കായൽ മത്സ്യത്തെ ആശ്രയിച്ചു തുടങ്ങി. ഇതോടെ പച്ചക്കറിയുടെ വിപണനത്തിൽ വർദ്ധനവുണ്ടാകുന്നില്ല. ജൈവ പച്ചക്കറി ഉത്പാദനത്തിൽ പേരുകേട്ട കഞ്ഞിക്കുഴിയിലും ഇതു തന്നെയാണ് സ്ഥിതി. വിളവെടുത്ത വിഭവങ്ങൾ പലതും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണിവിടെ. ലോക്ക് ഡൗൺ കാലത്ത് പലരും വീട്ടിൽ കൃഷി ആരംഭിച്ചിരുന്നു. ഇവയും വിളവെടുപ്പിന് പാകമായതോടെ വെണ്ട, തക്കാളി , പാവയ്ക്ക, പച്ചമുളക് തുടങ്ങിയ ഇനങ്ങൾക്ക് കടകളിൽ ആവശ്യക്കാർ കുറഞ്ഞു. പച്ചക്കറികൾ കൂടുതലും തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്നതും ഉപഭോക്താക്കളെ പിന്നോട്ടടിക്കുന്നു.
..........
വിലനിലവാരം ( കിലോഗ്രാമിന് രൂപയിൽ)
സവാള- 16
ഉള്ളി - 40
തക്കാളി - 40
ബീൻസ് - 40
കാരറ്റ് - 40
പയർ - 40
വെണ്ടയ്ക്ക - 40
പാവയ്ക്ക - 40
മുരിങ്ങിയ്ക്ക - 50
................
എല്ലാവരും സംരംഭകരാവുകയാണ്. എന്നാൽ ഇപഭോക്താക്കളുടെ എണ്ണം കൂടുന്നുമില്ല. മത്സ്യബന്ധനം നിലച്ചിട്ടുപോലും പച്ചക്കറി വിപണിയിൽ അത് പ്രതിഫലിച്ചിട്ടില്ല.
- വ്യാപാരികൾ