മാവേലിക്കര: മാവേലിക്കരയിൽ മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തിവരുന്ന സുരക്ഷായാത്ര സുരക്ഷിതയാത്ര എല്ലാം നമുക്ക് വേണ്ടി എന്ന പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷാ യാത്രികരുടെ വിവരശേഖരണത്തിനായി വഴികാട്ടി ഡയറി ഓട്ടോ തൊഴിലാളികൾക്ക് കൈമാറി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഉണ്ടായ കോവിഡ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഓട്ടോ യാത്രികർക്കായി മാവേലിക്കരയിൽ വഴികാട്ടി ഡയറി സംവിധാനം ഏർപ്പെടുത്തിയത്.
ഡയറിയുടെ വിതരണോദ്ഘാടനം അന്ധനായ യാത്രികന് വഴികാട്ടിയായി സോഷ്യൽ മീഡിയയിൽ ഈയിടെ തരംഗമായി മാറിയ തിരുവല്ല സ്വദേശിനി സുപ്രിയ അനൂപ് നിർവ്വഹിച്ചു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് അധ്യക്ഷനായി. ഓട്ടോറിക്ഷയിൽ സൂക്ഷിക്കുന്ന ഈ ഡയറിയിൽ യാത്രികരുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം, എവിടനിന്ന് കയറുന്നു, എവിടേയ്ക്ക് പോകുന്നു, സമയം എന്നിവ രേഖപ്പെടുത്തിയിരിക്കണം. താലൂക്കിലെ എല്ലാ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഡയറികൾ ഉടൻതന്നെ ലഭ്യമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ചടങ്ങിൽ എം.വി.ഐ എസ്.സുബി, എ.എം.വി.ഐമാരായ ശ്യാംകുമാർ, ജയറാം, ശ്രീജി നമ്പൂതിരി, ജിതിൻ വിവിധ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികളായ മാവേലിക്കര രാധാകൃഷ്ണൻ, അനിരുദ്ധൻ, മനോജ്, മാവേലിക്കര സുദർശനൻ, അനൂപ് എന്നിവർ പങ്കെടുത്തു.