anjana

കുട്ടനാട്: കാവാലം ആറ്റിലെ കടവിൽ കുളിക്കുന്നതിനിടെ, തെങ്ങുവീണ് പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ച അമ്മയ്ക്കു പിന്നാലെ മകളും യാത്രയായതോടെ നാട് സങ്കടക്കടലിലായി.

കാവാലം പാലേടംവീട്ടിൽ അജിതയുടെ (47) മകൾ അഞ്ജനയാണ് (22) കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ട് നാലോടെ മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 28ന് വൈകിട്ട് അജിതയും അഞ്ജനയും ഒരുമിച്ച് കാവാലം ആറ്റിൽ തൈപ്പറമ്പ് കടവിൽ കുളിക്കവേ ആയിരുന്നു ദുരന്തം. പെട്ടന്നുണ്ടായ കാറ്റിൽ വൈദ്യുതി കമ്പിക്കു മുകളിലേക്ക്‌ തെങ്ങ് കടപുഴകി വീഴുകയും കമ്പി പൊട്ടി കടവിലേക്കു വീണ് ഇരുവർക്കും ഷോക്കേൽക്കുകയുമായിരുന്നു. അജിത തൽക്ഷണം മരിച്ചു. അഞ്ജനയെ നാട്ടുകാർ കരയ്ക്കെടുത്ത് കോട്ടയം മെഡി. ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടോടെ സ്ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംസ്‌കാരംവീട്ടുവളപ്പിൽ നടന്നു.