പ്ലസ‌് ടുവിന് 82.46% ; വി.എച്ച്എസ്.ഇയ്ക്ക് 67.62%

ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം . പ്ളസ് ടുവിന് വിജയ ശതമാനം 82.46 ആണ്. കഴിഞ്ഞവർഷം 80.29 ശതമാനമായിരുന്നു. ഇക്കുറി 122 സ്കൂളിൽ നിന്നായി പരീക്ഷയെഴുതിയ 23066 വിദ്യാർഥികളിൽ 19021 പേരാണ‌് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഏഴ്‌ കുട്ടികൾ മുഴുവൻ മാർക്കായ 1200ഉം നേടി . അഞ്ച്‌ സ്‌കൂളുകൾ നൂറുശതമാനം വിജയം കൈവരിച്ചു. 1032 പേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 770 പേർക്കേ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ 67.62 ആണ് ‌വിജയ ശതമാനം‌. ഹയർസെക്കൻഡറി ഓപ്പൺ സ‌്കൂൾ വിഭാഗത്തിൽ 1388 പേർ പരീക്ഷയെഴുതിയതിൽ 617 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 44.45. മുഴുവൻ വിഷയത്തിനും എ പ്ലസ് 12 പേർ നേടി. ടെക‌്നിക്കൽ സ‌്കൂൾ വിഭാഗത്തിൽ 66 പേർ പരീക്ഷയെഴുതിയതിൽ 54 പേർ ഉപരിപഠനത്തിന് യോഗ്യരായി . 81.82 ആണ് വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ആർക്കുമില്ല.വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 1195 പേരാണ് പരീക്ഷയെഴുതിയത്. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ വിജയിച്ച 808 പേർ (വിജയശതമാനം 67.62) തുടർപഠനത്തിന് അർഹരായി. പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ 877 പേർ ജയിച്ചു(73.39). ഇരു വിഭാഗങ്ങളിലെയും വിജയശതമാനം കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞു.

അഞ്ചെണ്ണത്തിന്‌ നൂറിൽ 100

 5 സ്കൂളുകൾക്ക് നൂറുമേനി

ആലപ്പുഴ ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ അഞ്ചു സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. കലവൂർ ഗവ. എച്ച്‌.എസ്‌.എസ്‌, മാവേലിക്കര ബിഷപ്‌ മൂർ എച്ച്‌.എസ്‌.എസ്, ആലപ്പുഴ കാർമൽ അക്കാദമി ഇ.എം എച്ച്‌.എസ്‌.എസ്, പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, മുഹമ്മ മദർ തെരേസ എച്ച്‌.എസ്‌.എസ് എന്നിവയ്‌ക്കാണ്‌ നൂറുമേനി.

 1200 ഉം നേടിയത്‌ ഏഴുപേർ

മുഴുവൻ മാർക്കായ 1200 ഉം നേടിയത്‌ ഏഴുപേർ. ആലപ്പുഴ കുന്നം ഗവ. എച്ച്‌.എസ്‌.എസിലെ സൂര്യ അനിൽകുമാർ, മറ്റം സെന്റ്‌ ജോൺസ്‌ എച്ച്‌.എസ്‌.എസിലെ നികിത സാറാ ദാനിയേൽ (ഇരുവരും കൊമേഴ്‌സ്‌), പട്ടണക്കാട്‌ ഗവ. എസ്‌.സി.യു വി.എച്ച്‌.എസ്‌.എസിലെ ബി.ശിൽപ, താമരക്കുളം വി.വി.എച്ച്‌.എസ്‌.എസിലെ സി.ബി.ആദിത്യൻ, മാന്നാർ എൻ.എസ് .ബി.എച്ച്‌.എസ്‌.എസിലെ ദൃശ്യ എസ്‌. കുമാർ, ജെ ഗൗരി, മറ്റം സെന്റ്‌ ജോൺസ്‌ എച്ച്‌.എസ്‌.എസിലെ ജീവൻ യോഹാൻ വർഗീസ്‌ (എല്ലാവരും സയൻസ്‌) എന്നിവർക്കാണ് മുഴുവൻ മാർക്കും‌ ലഭിച്ചത്‌.