ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകൾക്കും കുടിവെളള കണക്ഷൻ നൽകുന്നതിന് ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി സമർപ്പിച്ചു. ആദ്യഘട്ടമായി മുപ്പത് മീറ്ററിനുളളിൽ കുടിവെളളം വേണ്ടിവരുന്ന 4214 ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിട്ടിക്ക് സമർപ്പിച്ച അഞ്ച് കോടി രൂപയുടെ പ്രോജക്ട് അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് വിഹിതമായി 41ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.പദ്ധതി പ്രകാരം ഗുണഭോക്താക്കൾ ആയിരം രൂപ വീതം നൽകിയാൽ മതിയാകും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടത്തുന്ന ഈ പദ്ധതി സമർപ്പിക്കുന്ന ആദ്യ പഞ്ചായത്താണ് തണ്ണീർമുക്കം.വാട്ടർ അതോറിട്ടിയുടെ പ്രോജക്ട് ഓഫീസും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് രൂപരേഖ തയ്യാറാക്കിയിട്ടുളളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് പറഞ്ഞു.