s

 അവകാശത്തർക്കത്തിൽ ഇ.എം.എസ് സ്റ്റേഡിയം

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ 8.6 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും സ്പോർട്സ് കൗൺസിലുമായി ധാരണാപത്രം ഒപ്പിടാൻ നഗരസഭ തയ്യാറാവാത്തതിനാൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണം പാതിവഴിയിൽ മുടന്തുന്നു. ധാരണാപത്രം ഒപ്പിട്ടാൽ സ്റ്റേഡിയത്തിന്റെ മേൽനോട്ടത്തിന് സ്പോർട്സ് കൗൺസിലുമായുള്ള സംയുക്ത കമ്മിറ്റി വേണ്ടിവരുമെന്നതാണ് നഗരസഭ അധികൃതരുടെ പിൻമാറ്റത്തിന് കാരണം. ധാരണാപത്രമുണ്ടായാൽ മാത്രമേ തുക ചെലവഴിക്കാൻ കഴിയൂ.

ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണം 2012ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന പ്രശ്നം. ഫണ്ട് ലഭ്യമായപ്പോഴാവട്ടെ, സാങ്കേതിക വിഷയങ്ങൾ വിലങ്ങുതടിയായി.

സ്റ്റേഡിയം നടത്തിപ്പിന് സംയുക്ത കമ്മിറ്റി വരുമ്പോൾ ആറ് ഏക്കർ സ്ഥലവും സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനവും 'അന്യാധീന'മാവുമെന്ന ആശങ്കയാണ് നഗരസഭ അധികൃതർക്കുള്ളത്. സ്റ്റേഡിയത്തിലെ കടമുറികളിൽ നിന്നുള്ള വരുമാനം നഗരസഭയ്ക്ക് തന്നെയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും വഴി തെളിയുന്നില്ല.

 തുടക്കം 14 വർഷം മുമ്പ്

2006ൽ ആണ് ആലപ്പുഴ നഗരത്തിലെ ഭട്ടതിരിപ്പുരയിടത്തിൽ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. സംസ്ഥാന സർക്കാർ അനുവദിച്ച 17 കോടി ചെലവഴിച്ച് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച് 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. രണ്ടാംഘട്ടം പൂർത്തീകരിച്ച് 2012ലെ സന്തോഷ് ട്രോഫിക്ക് സ്റ്റേഡിയം വേദിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, പിന്നീട് അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണത്തിലും കുടുങ്ങി തുടർ പ്രവർത്തനങ്ങൾ അവതാളത്തിലായി.

 കമ്മിറ്റിയുടെ ഘടന

ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ നഗരസഭാ ചെയർമാനും വൈസ് ചെയർമാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാണ്. നഗരസഭ സെക്രട്ടറിയാണ് കമ്മിറ്റിയുടെയും സെക്രട്ടറി. പിന്നെ അംഗങ്ങളും. ഗ്രൗണ്ടിൽ മത്സരങ്ങൾ അടക്കമുള്ളവ നടത്തണമെങ്കിൽ കമ്മിറ്റിയുടെ തീരുമാനം ഉണ്ടാവണം. വരുമാനം കമ്മിറ്റി നേരിട്ടു വാങ്ങും. ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട ചുമതലയും കമ്മിറ്റിക്കാണ്. സ്റ്റേഡിയത്തിലുള്ള കടകളുടെ വരുമാനം നഗരസഭയ്ക്കും.

 ശേഷിക്കുന്നത്

400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിന് ബാക്കിഭാഗം, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ

......................................

ജില്ലയിലെ കായിക താരങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാൻ കഴിയുന്ന പരിശീലനത്തിന് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണം. തർക്കങ്ങൾ അവസാനിപ്പിക്കണം. സ്റ്റേഡിയത്തിന്റെ വികസനത്തിന് രാഷ്ട്രീയ ഭിന്നത മാറ്റിവയ്ക്കണം

പി.ജെ.ജോസഫ്, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ

............................................

നഗരസഭയിൽ നടക്കുന്നത് ഭൂമാഫിയ ഇടപെടലാണ്. ഇവരുമായി ബന്ധമുള്ള കൗൺസിലർമാരാണ് സ്റ്റേഡിയത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നത്. ജില്ലയിലെ കുട്ടികൾ അന്യജില്ലകളിൽ പരിശീലനം തേടുന്നത് ഒഴിവാക്കാൻ കഴിയണം

വി.ജി.വിഷ്ണു, വൈസ് പ്രസിഡന്റ്, ജില്ല സ്പോർട്സ് കൗൺസിൽ

.............................

സ്റ്റേഡിയത്തിന്റെ വികസനത്തിന് നഗരസഭ പൂർണ്ണ സഹകരണം നൽകും. സ്പോർട്സ് കൗൺസിലിനു പൂർണ്ണ അധികാരമുള്ള കരാറിൽ ഭേദഗതി വരുത്തണം. സ്റ്റേഡിയത്തിന്റെ ഭൂമിയും നടത്തിപ്പ് അവകാശവും വിട്ടുകൊടുക്കാനാവില്ല. ഇപ്പോഴത്തെ ധാരണപത്രത്തിൽ ഒപ്പിട്ടാൽ നഗരസഭയ്ക്ക് പോലും പരിപാടി നടത്തണമെങ്കിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അനുമതി വാങ്ങേണ്ടി വരും. നഗരസഭയ്ക്കു കൂടി അധികാരമുള്ള കരാർ ഉണ്ടായാൽ മാത്രമേ ഒപ്പിടുകയുള്ളു

ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, ആലപ്പുഴ നഗരസഭ