ഇക്കുറി ചിലവ് ഉടമകളുടെ സംഘടന വഹിക്കും
ആലപ്പുഴ : കരുത്തിന്റെ പര്യായമായി ഏവരും ആരാധിക്കുന്ന കരിവീരന്മാർക്ക് ഇനി സുഖ ചികിത്സയുടെ കാലം. പക്ഷേ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആനപ്രേമികൾ ആഘോഷപൂർവ്വം നടത്തിവരാറുള്ള 'ആനയൂട്ട് 'ഇക്കുറി എവിടെയുമില്ല.കൊവിഡ് മൂലം സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഭക്തജനങ്ങളൊഴിഞ്ഞ നിലയിലാണ്. ഏറെ പണച്ചെലവുള്ള ആനയൂട്ട് ഉടമകളോ അല്ലെങ്കിൽ ആനപ്രേമികളുടെ കൂട്ടായ്മയോ ഏറ്രെടുത്തു നടത്തുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസം. ഈ സാഹചര്യത്തിലാണ് ആവശ്യമായ ആനകൾക്ക് ആനയൂട്ട് നടത്താൻ എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ രംഗത്ത് വന്നത്. കർക്കടകം ഒന്നായ ഇന്നലെ സംസ്ഥാനത്തെ എല്ലാ ആനകൾക്കും സുഖ ചികിത്സ തുടങ്ങി.
കർക്കടകം ഒന്ന് മുതൽ 31 വരെയാണ് സുഖചികിത്സാകാലം. ക്ഷേത്രങ്ങളിലെ ഉത്സവം കഴിഞ്ഞ് ആനകൾക്ക് അല്പം വിശ്രമം കിട്ടുന്ന സമയം കൂടിയാണ് ഇത്.യഥാർത്ഥത്തിൽ ഭക്ഷണമെന്ന നിലയ്ക്കല്ല, ആനകളുടെ ആരോഗ്യ സംരക്ഷണം കൂടിയാണ് ലക്ഷ്യമിടുന്നത്. പ്രധാന ക്ഷേത്രങ്ങളിൽ ആനയൂട്ടിന് പ്രത്യേകം കമ്മിറ്രികളുമുണ്ടാവാറുണ്ട്.ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബോർഡ് നേരിട്ടും ആനയൂട്ട് നടത്താറുണ്ട്.ചിലയിടങ്ങളിൽ ആനപ്രേമി സംഘടനകളും ഇത് ചെയ്യും. ഉടമകൾക്ക് ഇക്കാര്യത്തിൽ സാധാരണ സാമ്പത്തിക ബാദ്ധ്യത വരാറില്ല. ആനയൂട്ടിനുള്ള ചിലവിന് പുറമെ ആനകളുടെ യാത്രപ്പടിയും പാപ്പാന്മാരുടെ ബാറ്റയും കമ്മിറ്രികളോ ക്ഷേത്ര ഉടമകളോ ആണ് വഹിക്കാറുള്ളത്. ഇക്കുറി ഇതെല്ലാം നിലച്ചു.
502 : ദേവസ്വം ബോർഡുകളുടെയും വനംവകുപ്പിന്റെയും ഉൾപ്പെടെ 502 ആനകളാണ് സംസ്ഥാനത്തുള്ളത്
ആനയൂട്ട് ഇങ്ങനെ
കരിപ്പട്ടി ചേർത്തുള്ള ചോറ്, മുതിര, ഗോതമ്പ്, പയറുവർഗങ്ങൾ, ധാന്യങ്ങൾ, പഴ വർഗ്ഗങ്ങൾ, ച്യവനപ്രാശം തുടങ്ങിയവയാണ് ഭക്ഷണത്തിലുൾപ്പെടുത്തുക.ആനയുടെ വലിപ്പത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലാവും ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുക.ഒരു ആന ഇരുപത് ഊണുകളിലെങ്കിലും പങ്കെടുക്കണം.
ആനയൂട്ടിന് ആനഉടമകൾ
എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ നടത്തുന്ന ആനയൂട്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദിന്റെ കലവൂർ കുളമാക്കിയിലെ വീട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. എസ്. രവി നിർവഹിച്ചു. കുളമാക്കിയിൽ കെ.കെ.സീതമ്മയും ചടങ്ങിൽ പങ്കെടുത്തു. കുളമാക്കിയിലെ ആനകളായ രാജ, ജയകൃഷ്ണൻ, മാധവൻ എന്നിവ ആനയൂട്ടിൽ പങ്കെടുത്തു.
''കൊവിഡ് മൂലം ക്ഷേത്രങ്ങളിൽ ആനയൂട്ടിന് നിയന്ത്റണം വന്നതോടെ ഉടമകൾ ഏറെ പ്രതിസന്ധിയിലായി. ആനയുടെ സംരക്ഷണം വലിയ ബാദ്ധ്യതയുമായി. ആനയുടെ ഭക്ഷണ ചിലവിനും ജീവനക്കാരുടെ ശമ്പളത്തിനും തുക ഉടമകൾ കണ്ടെത്തണം. കൊവിഡ് നിയന്ത്രണത്തിന് ശേഷം നാട്ടാനകൾക്കു സർക്കാർ റേഷൻ ഏർപ്പെടുത്തിയത് കുറച്ച് ആശ്വാസമായിരുന്നു. ആന ഉടമകളുടെ ഈ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ കൂടുതൽ സഹായം നല്കുമെന്നാണ് പ്രതീക്ഷ.
-ജി .കൃഷ്ണപ്രസാദ് (സംസ്ഥാന പ്രസിഡന്റ്,എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ)
''തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിൽ 27 ആനകളാണുള്ളത്. അതത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആനയൂട്ട് തുടങ്ങി. ഒരു ആനയ്ക്ക് 40,000 രൂപ ക്രമത്തിലാണ് അനുവദിച്ചിട്ടുള്ളത്.
-എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്