കൊവിഡ് പ്രതിരോധത്തിലേക്ക് അദ്ധ്യാപകരും
ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു കൂട്ടം അദ്ധ്യാപകർ. ജില്ലയിൽ നിന്ന് 1500 ലധികം അദ്ധ്യാപകരാണ് രംഗത്തുള്ളത്. ഇവർക്കുള്ള ഏകദിന പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം പൂർത്തിയായി.
ഹോം ക്വാറന്റൈനിലും, റിവേഴ്സ് ക്വാറന്റൈനിലുമിരിക്കുന്നവർക്ക് ബോധവത്കരണമാണ് അദ്ധ്യാപകരുടെ ജോലി. ഓരോ വാർഡുകളിലും രൂപീകരിച്ചിരിക്കുന്ന ജാഗ്രത സമിതികളുടെ ഭാഗമായിട്ടാണ് പ്രവർത്തനം. രോഗികളുമായോ, നിരീക്ഷണത്തിലിരിക്കുന്നവരുമായോ യാതൊരു വിധത്തിലും നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ല. ബോധവത്കരണവും ക്ഷേമാന്വേഷണങ്ങളും ഫോൺ വഴിയാണ് നടത്തേണ്ടത്. നിലവിൽ അതത് വാർഡുകളിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതി ഈ ജോലി നിർവഹിക്കുന്നുണ്ട്. അവരെ സഹായിക്കുക എന്നതാണ് അദ്ധ്യാപകരുടെ ഉത്തരവാദിത്വം. കൊവിഡ് ഡ്യൂട്ടി ലഭിച്ച പലരും ഭയം മൂലം ചുമതലകളിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ അദ്ധ്യാപകരെ കണക്കെടുപ്പിനായി റേഷൻ കടകളിൽ നിയോഗിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് ക്വാറന്റൈൻ കേന്ദ്രങ്ങളുടെ മേൽനോട്ടം, അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്, പുസ്തകവിതരണം തുടങ്ങി പല ജോലികൾക്കും അദ്ധ്യാപകരെ നിയോഗിച്ചിരുന്നു. നിലവിൽ പി.എച്ച്.സികളിലേക്കാണ് അദ്ധ്യാപകരെ നിയോഗിച്ചിരിക്കുന്നത്.
..............................
ചുമതല
വാർഡ് മെമ്പർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുമായി കൂടിയാലോചിച്ച് ബോധവത്കരണം നൽകുക, റിവേഴ്സ് ക്വാറന്റൈനിലുള്ള 60 വയസിന് മുകളിലുള്ളവർക്കും 10 വയസിൽ താഴെയുള്ളവർക്കും പ്രത്യേക ശ്രദ്ധ നൽകുക, ഹോം ക്വാറന്റൈനിലുള്ളവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
.....................................................
1500: ഡ്യൂട്ടി ലഭിച്ച അദ്ധ്യാപകർ
..........................................................
രോഗികളുമായോ, നിരീക്ഷണത്തിലുള്ളവരുമായോ അദ്ധ്യാപകർ നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ല. ഇക്കാര്യങ്ങൾ ക്ലാസ് വഴി അധികൃതർ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ സേവനത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ട്. കൊവിഡ് ഡ്യൂട്ടിയിൽ പങ്കാളികളാകുന്നതോടെ ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധിക്കാൻ പറ്റില്ലെന്ന വാദം ശരിയല്ല
പുന്നപ്ര ജ്യോതികുമാർ, അദ്ധ്യാപകൻ