
 സദ്യവട്ടങ്ങൾ കുറഞ്ഞത് പപ്പട വിപണിക്ക് വെല്ലുവിളി
ആലപ്പുഴ: വെട്ടിത്തിളയ്ക്കുന്ന എണ്ണയിൽ പൊള്ളി നിവർന്ന്, സദ്യവട്ടങ്ങളിൽ വെട്ടിത്തിളങ്ങിയിരുന്ന പപ്പടങ്ങൾക്ക് കണ്ടകശനി! കൊവിഡിനെത്തുർന്ന് നാലാൾ കൂടുന്ന ചടങ്ങുകൾ ഇല്ലാതായതോടെ സദ്യകളും പേരിനു മാത്രമായി. ഇതോടെ വല്ലാത്ത തകർച്ചയിലായിരിക്കുകയാണ് പപ്പട വിപണിയും തൊഴിലാളികളും.
സംസ്ഥാനത്ത് കുടിൽവ്യവസായമായിട്ടാണ് പപ്പട നിർമ്മാണം നടത്തിയിരുന്നത്. മലയാളിയുടെ ഭക്ഷണശീലത്തിന്റെ ഭാഗമായതിനാൽ, ആവശ്യക്കാരില്ലാത്ത ഒരു സീസൺ ഈ മേഖലയിലുണ്ടായിരുന്നില്ല. പക്ഷേ, നിലവിൽ വിപണിയില്ലാത്തതിന് പുറമേ ഉഴുന്നുവിലയിലെ വർദ്ധന കൂടി വന്നതോടെ പിടിച്ചുനിൽക്കാനാവാത്ത നിലയിലാണ് നിർമ്മാണ യൂണിറ്റുകൾ. അസംഘടിതരായതിനാൽ ക്ഷേമനിധിയും സർക്കാർ ആനുകൂല്യങ്ങളുമില്ല. മുൻകാലങ്ങളിൽ പാരമ്പര്യ തൊഴിലായിരുന്ന മേഖല ഇന്ന് യന്ത്രവത്കരണത്തിലേക്കും കാൽവെച്ചിട്ടുണ്ട്. ഇതോടെ മാവ് കുഴയ്ക്കുന്നതും, പരത്തുന്നതും, മുറിച്ച് ഉണക്കുന്നതുമെല്ലാം യന്ത്രത്തിന്റെ ജോലിയായിറി. അഞ്ച് മുതൽ ഏഴ് ലക്ഷം വരെ മുടക്കി നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ച പലരും ഓർഡറുകൾ ഇല്ലാതായതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
സർക്കാർ സ്കീമിലെ വായ്പ എടുത്താണ് പലരും സംരംഭം നടത്തുന്നത്. മിക്ക യൂണിറ്റുകളിലും തൊഴിലാളികളുടെ എണ്ണം പകുതിയായി വെട്ടിച്ചുരുക്കി. വിലക്കുറവ് കാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി തട്ടിക്കൂട്ട് രീതിയിൽ പപ്പടം നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്.
......................
പപ്പടത്തിലും വ്യാജൻ
ഉഴുന്നു മാവും പപ്പടക്കാരവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും, അരിപ്പൊടിയോ കപ്പപ്പൊടിയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. ഉഴുന്നു വിലയുടെ അടിസ്ഥാനത്തിൽ പപ്പട വിലയിലും ഏറ്റക്കുറച്ചിലുകൾ വരും. അവസരം മുതലാക്കി വ്യാജ പപ്പടം വിപണിയിലെത്തിക്കുന്നവരുണ്ട്. ഉഴുന്നിന് പകരം മൈദയാണ് അവർ ഉപയോഗിക്കുന്ന പ്രധാന ചേരുവ. സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരില്ല. രുചിയുമുണ്ടാവില്ല. ഉത്പാദന ചെലവ് കുറവായതിനാൽ ചെറിയ തുകയ്ക്ക് കൂടുതൽ എണ്ണം കൊടുക്കാനാവും.
....................
ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കേണ്ട സ്ഥിതിയാണ്. ഉഴുന്നിന് വില വർദ്ധിച്ചാൽ പായ്ക്കറ്റിലെ പപ്പടത്തിന്റെ എണ്ണം കുറയ്ക്കുന്നതാണ് മാന്യമായ രീതി. അതിന് പകരം കുറഞ്ഞ വിലയ്ക്ക് മോശം സാധനം എത്തിക്കുന്ന വ്യാജന്മാരെ പ്രോത്സാഹിപ്പിക്കരുത്. അത് ആരോഗ്യത്തിനും നന്നല്ല
അനിൽകുമാർ, പപ്പട നിർമ്മാണ യൂണിറ്റ് ഉടമ
..................
ഉഴുന്നുവില (കിലോ)
ലോക്ക് ഡൗണിന് മുമ്പ്: 80
ഇപ്പോൾ: 105
........