ആലപ്പുഴ: പുറക്കാട്, തൃക്കുന്നപ്പുഴ, കരുവാറ്റ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആശ്രയമായ തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം ഏറെ പരാധീനതകൾക്ക് നടുവിലാണ്. പ്രതിദിനം 300ൽ അധികം രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമില്ല. വേണ്ടത്ര ജീവനക്കാരില്ലാത്തതും രോഗികൾക്ക് സൗകര്യമൊരുക്കുന്നതിൽ തടസമാകുന്നു.
തീരദേശവാസികളുടെ ആശ്വാസ കേന്ദ്രമായ പ്രാഥമിക ആരോഗ്യകേന്ദ്രം അമ്പലപ്പുഴ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. മത്സ്യ - കയർ - കർഷക തൊഴിലാളികൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് തോട്ടപ്പള്ളി.
പുറക്കാട്, തൃക്കുന്നപ്പുഴ, കരുവാറ്റ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. രാത്രികാലത്ത് രോഗം അനുഭവപ്പെട്ടാൽ 23 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയാണ് അഭയം തേടുന്നത്.
അരനൂറ്റാണ്ടിന്റെ പാരമ്പര്യം
1962ൽ പ്രവർത്തനം തുടങ്ങിയ ഫിഷറീസ് ആശുപത്രി 1987ൽ 10കിടക്കകളോടു കൂടിയ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയർത്തി. 33വർഷം കഴിഞ്ഞിട്ടും കിടത്തി ചികിത്സ തുടങ്ങിയില്ല. എ.കെ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 26ലക്ഷം രൂപ ചെലവഴിച്ച് 25രോഗികളെ കിടത്തിചികിത്സ നടത്താനുള്ള കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തായിട്ട് രണ്ടര വർഷം കഴിഞ്ഞു. വൈദ്യുതികരണവും പ്‌ളംബിംഗ് ജോലികൾ പൂർത്തായാകാനുണ്ട്. ശേഷിച്ച പണി പൂർത്തീകരിച്ച് കിടത്തി ചികിത്സതോടെ പ്രവർത്തനം ആരംഭിക്കണം. വൈദ്യുതികരണ ജോലികൾ പൂർത്തികരിക്കാനുണ്ട്.
#താലൂക്ക്ആശുപത്രിയായി ഉയർത്തണം
നിലവിലുണ്ടായിരുന്ന അമ്പലപ്പുഴ കച്ചേരിമുക്കിലെ താലൂക്ക് ആശുപത്രി മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററായി ഉയർത്തിയതോടെ അമ്പലപ്പുഴക്ക് താലൂക്ക് ആശുപത്രി ഇല്ലാതായി. ദേശീയപാതയിൽ വാഹന അപകടങ്ങൾ പതിവാണ് തോട്ടപ്പള്ളി, കരുവാറ്റ പ്രദേശങ്ങൾ. അപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കുവാനുള്ള സെന്ററായി തോട്ടപ്പള്ളിയിൽ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയാൽ സാദ്ധ്യമാകും. മത്സ്യബന്ധത്തിനോ പോകുന്ന വള്ളങ്ങൾ അപകടത്തിൽ പെട്ടാൽ തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചശേഷമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലോ മറ്റ് ആശുപത്രികളിലും കൊണ്ടുപോകുന്നത്. തുറമുഖത്തിന്റെ സമീപത്താണ് നിലവിലുള്ള ആശുപത്രിയുള്ളത്. ഇത് 24മണിക്കൂറും പ്രവർത്തന സജ്ജമാക്കിയാൽ ജനങ്ങൾക്ക് ആശ്വാസം പകരുവാനാകും. താലൂക്ക് ആശുപത്രി പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിട സമുച്ചയം ഉണ്ട്.
.................................
നിർദ്ദേശങ്ങൾ
#കിടത്തി ചികിത്സ തുടങ്ങണം
വേണ്ടത്ര ജീവനക്കാരെ നിയമിക്കണം
.................................
ആവശ്യമായ ജീവനക്കാരെ നിയമിച്ചു നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ കിടത്തി ചികിത്സ തുടങ്ങണം. പ്രകൃതി ദുരന്തത്തിൽ പെടുന്ന മത്സ്യതൊഴിലാളികൾക്ക് ഗുണകരമായ തരത്തിൽ പ്രവർത്തന സജമാക്കണം. താലൂക്ക് ആശുത്രിയായി ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനം പഞ്ചായത്ത് നടത്തണം.
അഡ്വ. എസ്.ജ്യോതികുമാർ, സാമൂഹിക പ്രവർത്തകൻ