ചികിത്സയിലുള്ളവരുടെ എണ്ണം 550
ആലപ്പുഴ: നൂറനാട് ഐ.ടി.ബി.പിയിലെ മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 20പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 550 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ വിദേശത്തുനിന്നും ഒരാൾ തമിഴ്നാട്ടിൽനിന്നും എത്തിയതാണ്. ആറുപേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ നിലവിൽ 6541 പേരാണ് നിരീക്ഷണത്തിലുള്ളത്. 589 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ മെഡി. ആശുപത്രിയിൽ 316, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 25, ആലപ്പുഴ ജനറൽ ആശുപത്രിയിൽ 5, കായംകുളം ഗവ. ആശുപത്രിയിൽ 2, കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 241 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം.
സ്രവപരിശോധന വേഗത്തിലാക്കും: ജില്ല കളക്ടർ
ആലപ്പുഴ:കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്രവപരിശോധനഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കാൻ രണ്ടുദിവസത്തിനകം സംവിധാനം ഒരുങ്ങുമെന്ന് ജില്ല കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. വൈറോളജി ലാബിൽ സാമ്പിൾ പരിശോധനയ്ക്ക് അത്യാധുനിക സജ്ജീകരണം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചുകൊണ്ടിരിക്കുന്ന ലാബ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും കളക്ടർ അറിയിച്ചു.
പരിശോധനകൾ വേഗത്തിലാക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിന് ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിച്ചിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫീസ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ് എന്നിവയുടെ പ്രവർത്തനങ്ങൾ മോണിട്ടറിംഗ് സെൽ ഏകോപിപ്പിക്കും. സ്രവ പരിശോധനയുമായി ബന്ധപ്പെട്ട പരാതികൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിന്റെ 0477-2239999 എന്ന നമ്പറിൽ അറിയിക്കണം.
ഓട്ടോമേറ്റഡ് ആർ. എൻ. എ എക്‌സ്ട്രാക്ഷൻ മെഷീൻ ആണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ ഉടൻ പ്രവർത്തനക്ഷമമാകുക. കൂടുതൽ പേർ അത്യദ്ധ്വാനം ചെയ്താണ് ഒരുദിവസം കഷ്ടിച്ച് 600 പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്. എന്നാൽ യന്ത്റം പ്രവർത്തനക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം പരിശോധനകൾ നടത്താം.
മത്സ്യബന്ധന നിരോധനം
22 വരെ നീട്ടി
ആലപ്പുഴ: ജില്ലയിലെ കടൽത്തീരത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം 22 രാത്രി 12 വരെ ദീർഘിപ്പിച്ചു. ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യസംസ്കരണമേഖലയിലെ തൊഴിലാളികൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി