കായംകുളം: കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിക്കുന്ന കായംകുളത്ത് ഇന്നലെ മൂന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 56 ആയി. കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയുമായി സമ്പർക്കം പുലർത്തി ഒരാൾക്കും ഗൾഫി നിന്നും വന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇനി ആയിരത്തോളം പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.

സാമ്പിൾ പരിശോധനയ്ക്ക് കായംകുളം താലൂക്ക് ആശുപത്രിയിൽ ഒരു കേന്ദ്രം കൂടി അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഇവിടെ രണ്ട് സെന്ററുകളും ഷഹീദാർ പള്ളി മദ്രസയിൽ ഒരു കേന്ദ്രവുമാണ് ഉള്ളത്. പരിശോധനാ ഫലത്തിന് എട്ടുദിവസം വരെ കാലതാമസവും നേരിടുന്നുണ്ട്. രോഗ വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുക്കുന്ന അവലോകനയോഗം കായംകുളത്ത് നടത്തണമെന്ന് നഗരസഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

500 കിടക്കകൾ സജ്ജീകരിക്കുന്നു

കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ 5000 കിടക്കകളുള്ള സി.എഫ്.എൽ.ടി. സെന്റർ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി കായംകുളം നഗരസഭയിൽ 500 കിടക്കകൾ സജ്ജീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ.

പരി​ശോധനാ ഫലം വരാനുള്ളത് 1000

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളി​ൽ കൊവി​ഡ് രോഗി​കൾ ഉയരും