രണ്ടുപേർ പരീക്ഷ എഴുതിയത് ആലപ്പുഴ മെഡി. ആശുപത്രിയിൽ
ആലപ്പുഴ: കൊവിഡ് ആശങ്കകൾക്കിടയിലും ജില്ലയിൽ കീം എൻട്രൻസ് പരീക്ഷയ്ക്ക് [കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ] തടസങ്ങളുണ്ടായില്ല.
ജില്ലയിലെ 20 കേന്ദ്രങ്ങളിലായായിരുന്നു പരീക്ഷ. രാവിലത്തെ ആദ്യ സെക്ഷനിൽ നടന്ന ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾ 4909 പേർ എഴുതി. ഇതിൽ 3738 പേർ ഉച്ചയ്ക്ക്ശേഷം നടന്ന കണക്ക് പരീക്ഷയും എഴുതി. വൈകിട്ട് നാല് സെന്ററുകളിൽ പരീക്ഷ ഉണ്ടായിരുന്നില്ല. രാവിലെ 6221 പേരും ഉച്ചകഴിഞ്ഞ് 4761 പേരുമാണ് പരീക്ഷ എഴുതേണ്ടിയരുന്നത്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവ് ആയിരുന്നതിനാൽ ആലപ്പുഴ മെഡി. ആശുപത്രിയിലെ കൊവിഡ് വാർഡിലാണ് പരീക്ഷ എഴുതിയത്.
മണ്ണഞ്ചേരി ഗവ.എച്ച്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. കുറവ് ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്.എസ്എസിലും.
20 കുട്ടികൾക്ക് ഒരു ഇൻവിജിലേറ്റർ എന്ന നിലയിലാണ് പരീക്ഷാ മുറി ക്രമീകരിച്ചിരുന്നത്. മാസ്ക്, സാനിറ്റൈസർ തെർമോമീറ്റർ എന്നിവ കേന്ദ്രങ്ങൾ ഏർപ്പെടുത്തി രോഗ പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കിയിരുന്നു. കേന്ദ്രങ്ങൾ അണുവിമുക്തമാക്കാൻ അഗ്നിരക്ഷാ സേനയുടെ സേവനം ഉറപ്പാക്കി. എല്ലായിടത്തും പൊലീസ് സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
കണ്ടെയ്ൻമെന്റ് സോണിൽ 239 പേർ
കണ്ടെയ്ൻമെന്റ് സോണിലായിരുന്ന എസ്.എൽ പുരത്തെ ജി.എസ്.എം.എം.എച്ച്.എസിൽ പരീക്ഷ എഴുതിയത് 239 പേർ. 300 കുട്ടികളായിരുന്നു ഇവിടെ പരീക്ഷ എഴുതേണ്ടിയരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്.
ആശയക്കുഴപ്പം
പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഒരു കേന്ദ്രത്തിലെത്തുമ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിപ്പോയത് മനസിലാക്കുന്നത്. പരീക്ഷ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പരീക്ഷാകേന്ദ്രം തെറ്റിക്കയറിയ വിദ്യാർത്ഥിയെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി.മനേഷ് ബൈക്കിൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചു. അമ്പലപ്പുഴയിലുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ടവർ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വൈകി. മിനുട്ടുകളുടെ വ്യത്യാസത്തിലെത്തിയവർക്ക് പരിഗണന നൽകി പരീക്ഷയ്ക്ക് പ്രവേശിപ്പിച്ചു. പക്ഷേ, അരമണിക്കൂറോളം വൈകിയെത്തിയ ചിലർക്ക് പരീക്ഷ എഴുതാനായില്ല.
.........................
മെഡി. ആശുപത്രിയിൽ 2 പേർ
ആലപ്പുഴ: മെഡി. ആശുപത്രിയിലെ കൊവിഡ് വാർഡ് രണ്ട് വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷാ കേന്ദ്രമായി. ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾസലാമിന്റെ നേതൃത്വത്തിലാണ് കൊവിഡ് വാർഡിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. നഴ്സിംഗ് ഓഫീസർ രേവമ്മ, സ്റ്റാഫ് നഴ്സ് അഖിൽ എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് കുട്ടികൾക്കൊപ്പം മുഴുവൻ സമയവും നിന്നു. ഇരുവരും ആശങ്കയില്ലതെ പരീക്ഷ എഴുതി. ഉത്തര കടലാസുകൾ അണുനശീകരണം നടത്തി പായ്ക്ക് ചെയ്താണ് നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായാണ് മറ്റൊരു പരീക്ഷ നടത്തുന്നത്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആംബുലൻസിലാണ് ഇരുവരെയും എത്തിച്ചത്.