കൊവിഡ് ബാധിതന്റെ വീട്ടിൽ പശുവിന്റെ പ്രസവം
ചേർത്തല: കൊവിഡ് ബാധിച്ച് മെഡി. ആശുപത്രിയിൽ കഴിയുന്നയാളിന്റെ വീട്ടിലെ പശു പ്രസവ വേദനയിൽ പുളഞ്ഞപ്പോൾ, വീട്ടുകാരുടെ സഹായ അഭ്യർത്ഥന കേട്ട് പി.പി.ഇ കിറ്റ് ധരിച്ചെത്തി പ്രസവമെടുത്ത മൂന്നു ഡോക്ടർമാരാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. കിടാരി വയറ്റിൽ കിടന്ന് ചത്തത് പശുവിന്റെ ജീവൻ അപകടത്തിലാക്കിയിരുന്നു.
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ശാസ്താങ്കലിലാണ്, കൊവിഡ് ഭീഷണി മറികടന്ന് ഡോക്ടർമാർ പശുവിന്റെ രക്ഷകരായത്. റിട്ട.വെറ്ററിനറി സർജൻ ഡോ.സി.കെ.പ്രേംകുമാർ,തണ്ണീർമുക്കം വെറ്റിനറി സർജൻ ഡോ.സ്മിതാ വിൽസൺ,ഡോ.ജിതിൻ ശിവദാസൻ എന്നിവർ കൊവിഡ് പ്രതിരോധ പി.പി.ഇ കിറ്റ് ധരിച്ച് പശുവിന്റെ പ്രസവമെടുക്കുകയായിരുന്നു. ഈ വീട്ടിലെ അംഗമായ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് ഇദ്ദേഹത്തെ മെഡി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രാഥമിക സമ്പർക്കമുണ്ടായ വീട്ടുകാർ നിരീക്ഷണത്തിലാവുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് പശുവിന്റെ പ്രസവം അപകടത്തിലേക്കു നീങ്ങിയത്. കിടാരി ചത്ത് വയറ്റിൽ കുടുങ്ങി. സഹായം അഭ്യർത്ഥിച്ച് തണ്ണീർമുക്കം വെറ്റിനറി സർജനുമായി വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നാണ് മൂവരും ചേർന്നെത്തിയത്. ഒന്നരമണിക്കൂറോളം പണിപ്പെട്ട് കിടാരിയെ പുറത്തെടുത്ത് പശുവിന്റെ ജീവൻ രക്ഷിച്ചു. ഡോക്ടർമാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അഭിനന്ദിച്ചു.