ചേർത്തല:താലൂക്കിൽ 16 പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പളളിത്തോട് തീരത്ത് നടത്തിയ ആന്റിജൻ പരിശോധനയിലാണ് സമ്പർക്കത്തിലുള്ള 11 പേർക്ക് പോസിറ്റിവായത്.എഴുപുന്നയിലെ സമുദ്റോത്പന്ന ശാലയിലെ ജീവനക്കാരന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന മൂന്നു കുത്തിതോട് സ്വദേശികൾക്കും ഒരു വയലാർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന തുറവൂർ സ്വദേശിക്കും ഫലം പോസിറ്റീവായി.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പട്ടണക്കാട് കുന്നുപുറം സെന്റ് ജോസഫ്‌സ് സ്‌കൂളിലും പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിലുമായി ആശുപത്രിയൊരുക്കാൻ പ്രാഥമിക നടപടികൾ ആരംഭിച്ചു.പള്ളിത്തോട്ടിൽ വീണ്ടും 11 പേർക്ക് ഫലം പോസിറ്റീവായത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വളമംഗലത്ത് 50 പേരുടെ പരിശോധന നടത്തിയത് പൂർണമായും നെഗറ്റീവായി.ചേർത്തല നഗരസഭയിൽ കൊവിഡ് ബാധിച്ച നഴ്സിന്റെ നേതൃത്വത്തിൽ കരുവ സ്കൂളിൽ കുട്ടികൾക്ക് കുത്തിവെയ്പ്പ് എടുത്ത സംഭവത്തിൽ കുട്ടികളുടെയും കുടുംബങ്ങളുടെയും പരിശോധന ഇനിയും ആരംഭിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.അവർ എല്ലാം ഇപ്പോഴും ക്വാറന്റൈനിൽ കഴിയുകയാണ്.