ആലപ്പുഴ : ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ തൊഴിലുറപ്പ് ജോലികൾക്ക് ഭാഗികമായി ലോക്ക് വീണു. കണ്ടെയിൻമെന്റ് സോണുകളിലും ഒരു കൊവിഡ് രോഗിയെങ്കിലുമുള്ള പ്രദേശങ്ങളിലും ജോലികൾ നിറുത്തി വച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപന അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടി. മറ്റ് പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാം. 65 വയസിന് മുകളിലുള്ള തൊഴിലാളികൾ ജോലിക്കിറങ്ങാൻ പാടില്ല.
ആവർത്തന സ്വഭാവമില്ലാത്തതും വരുമാന സാദ്ധ്യതയുമുള്ളതായ പ്രവൃത്തികളാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ ഫണ്ടിന്റെ സഹായത്തോടെ നടത്തുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ആവർത്തന സ്വഭാവമുള്ള ജോലികൾ ചെയ്യാൻ ഇളവുകളുണ്ട്. ഗ്രാമ പ്രദേശങ്ങളിലേതിന് സമാനമായ തൊഴിലുകൾ നഗരങ്ങളിൽ ലഭിക്കാൻ സാദ്ധ്യതയില്ലാത്തത് കണക്കിലെടുത്താണ് ഇത്തരം പ്രവൃത്തികൾ ഉൾപ്പെടുത്തിയത്. പ്ലാസ്റ്റിക് ശേഖരണവും, റോഡിന്റെ വശങ്ങളിലെ പുല്ല് വെട്ടലുമുൾപ്പടെ തൊഴിലുറപ്പിന്റെ ഭാഗമാകും. ജോലി തുടരാവുന്ന പ്രദേശങ്ങളിൽ ഒരു സമയം പരമാവധി അഞ്ച് തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. വ്യക്തിഗത, കുടുംബ ആസ്തികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവൃത്തികൾക്കുമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. സാമൂഹിക അകലം ഉൾപ്പടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നു എന്നുറപ്പാക്കാൻ ഓരോ ദിവസവും ജിയോടാഗ് ചെയ്ത ഫോട്ടോകൾ ബി.പി.ഒമാർക്കും ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർമാർക്കും ഓരോ ഗ്രൂപ്പിന്റെയും മേറ്റുമാർ അയച്ചുനൽകാറുണ്ട്.
കൊവിഡിനെത്തുടർന്നുള്ള
നിയന്ത്രണങ്ങൾ
കണ്ടെയിമെന്റ് സോണുകളിൽ തൊഴലുറപ്പ് ജോലികൾ നടക്കില്ല
രോഗികളുള്ള പ്രദേശങ്ങളിലെ ജോലികളും തത്കാലം നിറുത്തി
65 വയസിന് മുകളിലുള്ളവർ ഇപ്പോൾ ജോലിക്കിറങ്ങാൻ പാടില്ല
നിലവിൽ നടക്കുന്നത്
വീടുകളുടെ നിർമ്മാണം, കാർഷിക നഴ്സറി പരിപാലനം, പൊതുകുളങ്ങളുടെയും തോടുകളുടെയും, നീർച്ചാലുകളുടെയും പുനരുദ്ധാരണം, മഴക്കുഴി നിർമ്മാണം, ജലസേചന കിണറുകളുടെ നിർമ്മാണം, നദീ പുനരുജ്ജീവന പ്രവർത്തനങ്ങൾ, കിണർ റീചാർജിംഗ്, സോക്പിറ്റ്, കമ്പോസ്റ്റ് കുഴി, ലോക്ക് ഡൗൺ മൂലം നിറുത്തിവെച്ച റോഡ് പണികളുടെ തുടർച്ച തുടങ്ങിയവയാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ നടന്നുകൊണ്ടിരുന്നത്.
പ്രതിദിന വേതനം : 291 രൂപ
'' രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പല സ്ഥലങ്ങളിലും തൊഴിലുകൾ തൽക്കാലം നിറുത്തിവച്ചിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരുമാന സാദ്ധ്യതയുള്ള പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
(കെ.കെ.ഷാജു, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ)