നിയമനം ഹർജിയിലെ അന്തിമതീർപ്പിനു വിധേയം
കൊച്ചി : ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥിയെ അസി. പ്രൊഫസറായി നിയമിച്ചെന്ന ഹർജിയിൽ സർക്കാരടക്കം എതിർകക്ഷികൾ ഒരുമാസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം ബോർഡിനു കീഴിലുള്ള കോളേജിൽ നടത്തിയ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥിയായിരുന്ന കൊല്ലം തട്ടാമല സ്വദേശിനി ആർ. നിഷ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ഹർജിയിലെ അന്തിമതീർപ്പിനു വിധേയമായിരിക്കും.
എരമല്ലിക്കര കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് അസി. പ്രൊഫസർ നിയമനത്തിന് 2016 ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചത്. തുടർന്ന് 2019 ൽ നടത്തിയ അഭിമുഖത്തിൽ അറുപതോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. റാങ്ക് ലിസ്റ്റിൽ നിന്ന് യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നെറ്റോ പി.എച്ച്.ഡിയോ ഇല്ലാത്ത തിരുവല്ല സ്വദേശിനിക്കു നിയമനം നൽകിയെന്നും മതിയായ യോഗ്യതയുള്ളവരെ തഴഞ്ഞാണ് നിയമനമെന്നുമാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനു പുറമേ കേരള സർവകലാശാല, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയവരെയും ഹർജിയിൽ എതിർ കക്ഷികളാക്കിയിട്ടുണ്ട്.