 കൊവിഡ് കണക്കുകൾ മാറിമറിയുന്നു

ആലപ്പുഴ: ഭയപ്പെടുത്തിയും ആശ്വാസം പകർന്നും കൊവിഡ് കണക്കുകൾ മാറിമറിയവേ, ജില്ലയിൽ ആശങ്ക തുടരുന്നു. ജൂലായ് 12, 13, 14 തീയതികളിൽ അപ്രതീക്ഷിതമായാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നത്.ഒരു ദിവസം 119 പേരിൽ വരെ രോഗബാധ കണ്ടെത്തി.

എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ശരാശരി 20 ൽ താഴെ പേർക്കേ രോഗം സ്ഥിരീകരിച്ചുള്ളു. ഇന്നലെ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃക്കുന്നപ്പുഴയിൽ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് അമ്പരപ്പുളവാക്കി. ഇയാളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. കുറെ ദിവസങ്ങൾക്ക് മുമ്പ് കായംകുളത്തും സമാന സംഭവം ഉണ്ടായിരുന്നു.

 കണ്ടെയ്ൻമെന്റ് സോണുകൾ കൂടുന്നു

ചേർത്തല താലൂക്കും കായംകുളം നഗരസഭയും പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണാണ്.പാലമേൽ , തെക്കേക്കര, നൂറനാട്,താമരക്കുളം, ആറാട്ടുപുഴ, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണുകൾ. 12 ഗ്രാമപഞ്ചായത്തുകൾ ഭാഗികമായി കണ്ടെയ്ൻമെന്റ് സോണായി. കായംകുളം, ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടഞ്ഞു കിടക്കുന്നു.മാവേലിക്കര താലൂക്ക് ആശുപത്രി കഴിഞ്ഞ ദിവസം കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. ആലപ്പുഴ നഗരസഭയും കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്.

 ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

ജില്ലയിൽ കൂടുതൽ ഫസ്​റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സജ്ജമാകുന്നു. തീരദേശ മേഖലയിൽ മാത്രം ആയിരം കിടക്കകൾ ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു. പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ രണ്ട് കെട്ടിടങ്ങൾ ഇതിന് തയ്യാറാക്കിയിട്ടുണ്ട്. 120 ബെഡുകളാണ് ഇവിടെയുള്ളത്. പൊന്നാംവെളി ജയലക്ഷ്മി ആഡി​റ്റോറിയം, കുന്നുംപുറം സെന്റ് ജോസഫ് പാരിഷ് ഹാൾ എന്നിവയാണ് ഏ​റ്റെടുത്തതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അറിയിച്ചു. അറുപത് വീതം കിടക്കകൾ രണ്ട് മീ​റ്റർ ഇടവിട്ടാണ് ഇരു കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. പ്രത്യേകം ഇ ശുചിമുറി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന കൊവിഡ് ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെന്റ് സെന്ററും ഉടൻ പ്രവർത്തന സജ്ജമാകും. കണിച്ചുകുളങ്ങര സർവ്വീസ് കോ ഓപ്പറേ​റ്റീവ് ബാങ്ക് ആഡി​റ്റോറിയമാണ് ഏ​റ്റെടുക്കുന്നത്. 100 കിടക്കകൾ ഇവിടെ സജ്ജീകരിക്കും.

പുന്നപ്ര എൻജിനിയറിംഗ് കോളേജും

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ കേപ്പിന്റെ കീഴിലുള്ള പുന്നപ്ര എൻജിനീയറിംഗ് കോളേജ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാവും. രോഗികൾ, ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെമൂന്ന് ബ്ലോക്കുകളായി തിരിച്ചാണ് അടിസ്ഥാനസൗകര്യങ്ങൾ തയ്യാറാക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ പറഞ്ഞു. 160 ഓളം കിടക്കകളാണ് സജ്ജീകരിക്കുന്നത്.