s

 ഓട്ടമില്ലാത്ത ഹൗസ്ബോട്ടുകൾക്ക് മുകളിൽ പച്ചക്കറി കൃഷിയുമായി ഉടമ

ആലപ്പുഴ: കൊവിഡിനെ തുടർന്ന് സഞ്ചാരികൾ എത്താതായതോടെ ഓട്ടം മുടങ്ങിയ സ്വന്തം ഹൗസ്ബോട്ടുകളെ നോക്കി നൊമ്പരപ്പെട്ടു നിൽക്കുകയല്ല, തത്തംപള്ളി സ്വദേശിയും ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറിയുമായ ജോസ് ആറാട്ടുംപള്ളി. 'അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക' എന്ന നാടൻ പ്രയോഗം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ ജോസിന്റെ രണ്ട് ഹോസ്ബോട്ടുകളുടെ മുകളിലായി 250 ഗ്രോബാഗുകളിലാണ് പച്ചക്കറികൾ വിളയുന്നത്.

കോൺഫറൻസ് ഹാളും ആധുനിക സജ്ജീകരണങ്ങളുമുള്ള രണ്ട് ബോട്ടുകൾക്കും ഓട്ടമില്ലാതായിട്ട് മാസങ്ങളായി. സർവീസില്ലെങ്കിലും ബോട്ടിനും എൻജിനും എസിക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സമയാസമയം പരിചരണം കൊടുത്തേപറ്റൂ. ആ സമയം എന്തുകൊണ്ട് ബോട്ടിനെത്തന്നെ കൃഷിയിടമാക്കിക്കൂടാ എന്ന ചിന്ത ജോസിനുണ്ടായി. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ചിൽ വീട്ടിൽ ജൈവകൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞമാസമാണ് എസ്.കെ.എ എന്ന ഹൗസ് ബോട്ടിന്റെ മേൽക്കൂരയിലേക്ക് കൃഷിത്തോട്ടം വ്യാപിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഗ്രോ ബാഗുകൾ സ്ഥാപിച്ചു. സംഗതി വിജയമെന്ന് കണ്ടതോടെ 250 ഗ്രോ ബാഗുകൾ ഹൗസ് ബോട്ടിന് മുകൾത്തട്ടിൽ സ്ഥാനമുറപ്പിച്ചു.

കൃഷിയിടം ഒരുക്കിയ വകയിൽ 30,000 രൂപയോളം മുതൽമുടക്കുണ്ട്. വെണ്ട, വഴുതന, കൂർക്ക, പച്ചമുളക്, കാന്താരി, കുറ്റിക്കുരുമുളക് തുടങ്ങിയവ കായ്ച്ചു തുടങ്ങി. ഹൗസ് ബോട്ട് വ്യവസായം നൽകിയിരുന്ന വരുമാനത്തിന്റെ പത്തിലൊന്നുപോലും ഈ ക‌ൃഷിയിലൂടെ ലഭിക്കില്ലെന്ന് ജോസിന് ഉറപ്പുണ്ട്. എന്നിട്ടും എന്തിന് ഇത്തരമൊരു പരീക്ഷണമെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, മാനസിക ഉല്ലാസം. പത്ത് വർഷമായി ടൂറിസം രംഗത്ത് ജോസ് ആറാട്ടുംപള്ളി സജീവമാണ്. കൃഷിക്ക് പിന്തുണയുമായി ഭാര്യ സുനിയും, വിദ്യാർത്ഥികളായ മക്കൾ കെസിയയും അനോഷുമുണ്ട്.

.................................

ബോട്ട് വാങ്ങിയ വകയിലെ ലോൺ തിരിച്ചടവുകൾ വരെ മുടങ്ങി. ആലോചിച്ചിരുന്നാൽ വിഷമിക്കോനേ സമയം കാണൂ. അങ്ങനെയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. ബോട്ടിലെ രണ്ട് ജീവനക്കാരും ഒപ്പമുണ്ട്. ബോട്ടിന്റെ പരിപാലത്തിനാണ് അവരെ കൂടെ നിറുത്തിയിരിക്കുന്നതെങ്കിലും ചെടികളുടെ പരിപാലനത്തിനും സഹായികളായി അവരുണ്ട്

(ജോസ് ആറാട്ടുംപള്ളി)