സമ്പർക്കത്തിലൂടെ 40 പേർക്ക് രോഗബാധ
ആലപ്പുഴ: അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 601ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പത്തുപേർ വിദേശത്തുനിന്നും മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാൾ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. എല്ലാവരെയും ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഒരു ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ഇന്നലെ ആയതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 292ആയി.
ദുബായിൽ നിന്നെത്തിയ 20 വയസുള്ള ചേർത്തല സ്വദേശിനി, ദുബായിൽ നിന്നെത്തിയ 34 വയസുള്ള മാവേലിക്കര സ്വദേശി, അബുദാബിയിൽ നിന്നും എത്തിയ 37 വയസുള്ള ചേർത്തല സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ 36 വയസുള്ള നൂറനാട് സ്വദേശി, എത്യോപ്യയിൽ നിന്നും എത്തിയ കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി, ഷാർജയിൽ നിന്നെത്തിയ 30 വയസുള്ള കടക്കരപ്പള്ളി സ്വദേശി, സൗദിയിൽ നിന്ന് എത്തിയ 59 വയസുള്ള മുഹമ്മ സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ 54 വയസുള്ള ബുധനൂർ സ്വദേശിനി, മുംബൈയിൽ നിന്നും എത്തിയ 27 വയസുള്ള ഹരിപ്പാട് സ്വദേശിനി, ഷാർജയിൽ നിന്നും എത്തിയ 27 വയസുള്ള കായംകുളം സ്വദേശി, സൗദിയിൽ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, സൗദിയിൽ നിന്നും എത്തിയ 26 വയസുള്ള മാവേലിക്കര സ്വദേശിനി, തൂത്തുക്കുടിയിൽ നിന്നും എത്തിയ 40 വയസുള്ള മണ്ണഞ്ചേരി സ്വദേശി., രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റ സമ്പർക്ക പട്ടികയിലുള്ള 15 എഴുപുന്ന സ്വദേശികൾ, രണ്ടു ചേർത്തല സ്വദേശികൾ, കടക്കരപ്പള്ളി, പാണാവള്ളി, ചന്തിരൂർ, വയലാർ, കോടംതുരുത്ത് , പട്ടണക്കാട് സ്വദേശികൾ.ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ഏഴു കുത്തിയതോട് സ്വദേശികൾ , നാല് തുറവൂർ സ്വദേശികൾ , രണ്ട് അമ്പലപ്പുഴ സ്വദേശികൾ.രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പള്ളിത്തോട് സ്വദേശികൾ, ചികിത്സയിലുള്ള പെരുമ്പളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 53വയസുള്ള പെരുമ്പളം സ്വദേശി, സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനിയായ ഗർഭിണി, 19 വയസുള്ള അന്ധകാരനഴി സ്വദേശിനി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിലുള്ളവർ
ആകെ : 6567 പേർ
ആലപ്പുഴ മെഡി. ആശുപത്രിയിൽ: 329
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 24
ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 5
കായംകുളം ഗവ. ആശുപത്രിയിൽ: 2
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ: 238
ചേർത്തലയിൽ ആശങ്ക ഒഴിയുന്നില്ല
ചേർത്തല:പള്ളിത്തോട്ടിലും എഴുപുന്നയിലെ സമുദ്റോത്പന്നശാലയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുൾപെട്ട 37 പേർക്കും,കടക്കരപ്പള്ളിയിലെ മത്സ്യവ്യാപാരിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരും ഉൾപ്പെടെ ചേർത്തല താലൂക്കിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. പട്ടണക്കാട് തീരത്തു നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേരുടെ ഫലം പോസിറ്റീവായി..പെരുമ്പളത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
കോടംതുരുത്ത്,എഴുപുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ നാലുപേർക്ക് പോസിറ്റാവായി.പുതിയ സമ്പർക്ക സാദ്ധ്യതകൾ കുറഞ്ഞെങ്കിലും കാര്യങ്ങൾ നിയന്ത്റണത്തിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.സമ്പർക്ക രോഗികൾക്ക് പുറമെ വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന ചേർത്തല കടക്കരപ്പള്ളി സ്വദേശികളായ മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 16 കേസുകൾ
ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ ലംഘിച്ചതിന് ചേർത്തലയിൽ ഇന്നലെ 16 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നിശ്ചിത സമയത്ത് അടയ്ക്കാതിരുന്ന 4വ്യാപാരികൾക്ക് എതിരെയും നിയമം ലംഘിച്ച് കടകൾക്ക് മുന്നിൽ ആൾക്കുട്ടമുണ്ടാക്കിയതിന് ആറും ബൈക്കിൽ 3പേർ സഞ്ചരിച്ചതിന് മൂന്നും പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടിയതിന് 3ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സർക്കാരിന് അഭിനന്ദനം
ചേർത്തല താലൂക്ക് ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഡിവൈ.എഫ്.ഐ താലൂക്ക് കമ്മിറ്റി.ചേർത്തല താലൂക്കിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയെടുത്ത സർക്കാരിനെ അഭിനന്ദിക്കുന്നതായി ഡിവൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് പ്രസിഡന്റ് എൻ.നവീൻ, സെക്രട്ടറി സി ശ്യാംകുമാർ എന്നിവർ പറഞ്ഞു