ചേർത്തല താലൂക്കിലെ റേഷൻ കടകളിൽ നിയന്ത്രണമില്ല
തുറവൂർ: കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ചേർത്തല താലൂക്കിലെ റേഷൻ കടകളിൽ ഇ- പോസ് മെഷീൻ ഉപയോഗം തുടരുന്നത് ആശങ്ക പരത്തുന്നു.
ആരിൽ നിന്നും ആർക്കും രോഗം പകരാമെന്നിരിക്കെ, റേഷൻ വാങ്ങാനെത്തുന്ന മുഴുവൻ പേരുടെയും വിരൽ ഇ പോസിൽ അമർത്തിയാണ് വിഹിതത്തിന്റെ കണക്കെടുക്കുന്നത്. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ പ്രവർത്തിക്കുന്നത് 293 റേഷൻ കടകളാണ്. റേഷൻ കാർഡുകളുടെ എണ്ണം 1.45 ലക്ഷവും. സാനിട്ടൈസർ പോലുമില്ലാത്ത റേഷൻ കടകളിൽ നിരവധി പേരാണ് ഇ- പോസിൽ വിരലമർത്തുന്നത്. കൊവിഡ് മേഖലകളിൽ ഇ-പോസ് മെഷീൻ രോഗവ്യാപന ഭീതിയുണ്ടാക്കുന്നതായി കടയുടമകളോട് ചൂണ്ടിക്കാണിച്ചെങ്കിലും അവർ കൈമലർത്തുകയാണെന്നാണ് കാർഡുടമകൾ പറയുന്നത്.
മാനുവൽ, ഒ.ടി.പി മെസേജ് എന്നിവയിൽ ഏതെങ്കിലുമൊരു രീതിയിൽ റേഷൻ വിതരണം നടത്താൻ കഴിയുമെന്നും അതിനുള്ള നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ലെന്നുമാണ് റേഷൻകടക്കാർ പറയുന്നത്. കൊവിഡ് വ്യാപനം തടയാൻ ട്രിപ്പിൾ ലോക്ക് ഡൗണും കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം ഇതൊന്നും അറിഞ്ഞ മട്ടില്ലെന്നും ആക്ഷേപമുണ്ട്.
താലൂക്കിലെ വടക്കൻ മേഖലകളായ കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ കഴിഞ്ഞ 13നാണ് 10 ദിവസത്തേക്ക് പ്രഖ്യാപിച്ചത്. 11 നാണ് ചേർത്തല താലൂക്കിൽ ലോക്ക് ഡൗൺ നിലവിൽ വന്നത്. സ്രവ പരിശോധന ഫലം കാത്തിരിക്കുന്നവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും നീരീക്ഷണത്തിലുള്ളവരുടെയും എണ്ണം താലൂക്കിൽ ഏറെയാണ്. ഉറവിടം വ്യക്തമല്ലാതെ ധാരാളം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെയും എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് തീരദേശമുൾപ്പെടുന്ന ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.