ചാരുംമൂട് : താമരക്കുളം ചത്തിയറ ഫുട്ബാൾ അക്കാഡമിക്ക് വീണ്ടും അംഗീകാരം. അക്കാഡമിയിൽ സംഘടിപ്പിച്ച ആലപ്പുഴ ലിറ്റിൽ ചാംപ്സ് ഗോൾഡൺ ബേബി ലീഗ് ഫുട്ബോൾ മത്സരങ്ങൾക്കാണ് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ലഭിച്ചത്. വിവിധ പ്രായക്കാരായ അഞ്ഞൂറിലധികം കുട്ടികളെ പങ്കെടുപ്പിച്ചു നാലുമാസക്കാലമായി 445 മത്സരങ്ങളാണ് നടന്നത്. കഴിഞ്ഞ മാർച്ചിലാണ് മത്സരങ്ങൾ സമാപിച്ചത്. സംസ്ഥാനത്ത് പത്ത് അക്കാഡമികൾ വിവിധ ജില്ലകളിലായി ബേബിലീഗ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഫെഡറേഷന്റെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഒന്നാമതാകാൻ ചത്തിയറ ഫുട്ബാൾ അക്കാഡമിയ്ക്ക് കഴിഞ്ഞു. 2018-19 ൽ നടന്ന ബേബിലീഗ് സീസൺ ഒന്നിലും കേരളത്തിൽ നിന്നും അക്കാഡമി അംഗീകാരം നേടിയിരുന്നു. കേരള ഫുട്ബോൾ അസോസിയേഷന്റെയും ജില്ല ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ പ്രവർത്തിയ്ക്കുന്ന ഇവിടെ നിന്നും സംസ്ഥാന, ദേശീയ തലത്തിൽ നിരവധി കളിക്കാർ ഉയർന്നുവന്നിട്ടുണ്ട്. ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ട് കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന അക്കാഡമിയിൽ വിദേശ കോച്ചുകളും , ലൈസൻസുള്ള മറ്റ് കോച്ചുകളും കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയോടെ പ്രവർത്തിയ്ക്കുന്ന അക്കാഡമിയിൽ പരിശീലനവും, ബേബിലീഗ് സീസൺ മൂന്നും കൊവിഡിന് ശേഷം ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ , സെക്രട്ടറി എസ്.മധു, ബേബി ലീഗ് ഓപ്പറേറ്റർ ഗിരിജ എന്നിവർ അറിയിച്ചു.