s

അമ്പലപ്പുഴ: കൊവിഡ് 19 സമൂഹ വ്യാപന ആശങ്ക ഉയർന്നിട്ടും തീരപ്രദേശത്ത് ചെമ്മീൻ പീലിംഗ് വ്യാപകമാകുന്നു. ജില്ലയിൽ മത്സ്യബന്ധനവും വിപണനവും ഈ മാസം 22 വരെ നിരോധിച്ചിരിക്കുകയാണെങ്കിലും ചെമ്മീൻ പീലിംഗ് നിരോധിക്കാൻ ജില്ലാ ഭരണകൂടം ഇതു വരെ തയ്യാറായിട്ടില്ല. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിൽ ഒരു ചെമ്മീൻ പീലിംഗ് ഷെഡ് ഉടമക്ക് ദിവസങ്ങൾക്ക് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിനു പിന്നാലെ ഇദ്ദേഹം ജോലി ചെയ്യുന്ന പ്രദേശവും തൊട്ടടുത്ത മറ്റ് വാർഡുകളും കൊവിഡ് സമൂഹ വ്യാപന ആശങ്കയിലാണ്.ഇത് കണക്കിലെടുത്ത് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ ഇനി ഒരു അറിയിപ്പുണ്ടാകും വരെ ചെമ്മീൻ പീലിംഗ്‌ ഷെഡുകളും മീറ്റ് കളക്ഷൻ സെന്ററുകളും അടച്ചിടാൻ ഉത്തരവിറക്കി.എന്നാൽ മറ്റ് പഞ്ചായത്തുകളിൽ ചെമ്മീൻ പീലിംഗ് ഇപ്പോഴും സജീവമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ചെമ്മീൻ പീലിംഗ്‌ ചെയ്യുന്നതിനെതിരെ പ്രതിഷേധവും ആശങ്കയും ഉയർന്നിട്ടും ഇതവസാനിപ്പിക്കാൻ ജില്ലാ ഭരണ കൂടം തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.