പൂച്ചാക്കൽ: പൂച്ചാക്കലിൽ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിതീകരിച്ചതോടെ പ്രദേശം കടുത്ത ജാഗ്രതയിൽ. പാണാവള്ളി എട്ടാം വാർഡിലെ രണ്ടു യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും എഴുപുന്ന സമുദ്രോത്പന്ന കയറ്റുമതി കമ്പനിയിലെ ജോലിക്കാരാണ്.

ഇവർ സന്ദർശിച്ച പൂച്ചാക്കൽ തെക്കേക്കരയിലെ സപ്ലൈകോ ലാഭം മാർക്കറ്റ്, വടക്കേകരയിലെ രണ്ട് സ്വകാര്യ ലാബുകൾ, പാണാവള്ളി ഹെൽത്ത് സെന്ററിലെ ലാബ്, എന്നിവ അടച്ചു. ഓടമ്പള്ളിയിൽ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന അലോപ്പതി ഡോക്ടർ ഉൾപ്പെടെ 28 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ അറിയിച്ചു.

പാണാവള്ളിയിലെ 53 പേരുടേയും, അരൂക്കുറ്റിയിലെ 13 പേരുടേയും ഫലം നെഗറ്റീവായത് ആശ്വാസമായി.