ആലപ്പുഴ : പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കൊവിഡ് പ്രതിരോധ 'സാനി മാറ്റ്സ്' കേരളം ഏറ്റെടുക്കണമെന്ന് മന്ത്റി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന കയർ കോർപറേഷൻ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്റി.
കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന കയർ വകുപ്പിന്റെ നൂതന സംരംഭമായ സാനി മാറ്റുകളുടെ നിർമ്മാണത്തിലൂടെ തൊഴിൽ മേഖലയിൽ കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും മന്ത്റി പറഞ്ഞു. പ്രതിരോധ തടുക്കുകൾക്കു കൊവിഡ് കാലത്ത് കേരളത്തിലും വിദേശരാജ്യങ്ങളിലും ആവശ്യമേറും. കയർ കോർപറേഷൻ ഷോറൂമുകൾ വഴി ഇപ്പോൾ ലഭ്യമാകുന്ന മാറ്റുകൾ കുടുംബശ്രീ സി.ഡി.എസ് വഴി സംസ്ഥാനത്ത് എല്ലായിടങ്ങളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കയർ കോർപറേഷനുമായി സഹകരിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്റി വ്യക്തമാക്കി.
850 രൂപ മുതൽ 5000 രൂപ വരെയുള്ള മാറ്റുകൾ അഞ്ച് വ്യത്യസ്ത മാതൃകയിൽ ലഭ്യമാകും.
കയർ കോർപ്പറേഷൻ ചെയർമാൻ ടി. കെ. ദേവകുമാർ, കയർ വകുപ്പ് സെക്റട്ടറി എൻ. പദ്മകുമാർ , എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ. ആർ. അനിൽ, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവർ വെബ്ബിനാറിൽ പങ്കെടുത്തു.
സാനിമാറ്റ്
പുറത്തു പോയി വരുന്നവർ മാറ്റിൽ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ കാലിലൂടെ രോഗ വ്യാപന സാദ്ധ്യത ഇല്ലാതാകുമെന്നതാണ് സാനി മാറ്റിന്റെ പ്രത്യേകത. സാനിട്ടൈസെർ നിറച്ച ട്രംയിൽ പ്രകൃതി ദത്ത നാരുകൾ കൊണ്ടു നിർമ്മിച്ച കയർ മാറ്റുകൾ 6 മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനാകും. അണു നശീകരണ ലായനി ഉപയോഗിക്കുന്നതിനാൽ 3 ദിവസം കൂടും തോറും വെള്ളം മാറ്റി ഉപയോഗിക്കുന്നതാകും നല്ലത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദഗ്ദ്ധരും, നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റയൂട്ടും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നിർമിക്കുന്ന സാനിട്ടൈസർ ലായനിയാണ് ആന്റി കൊവിഡ് മാറ്റിൽ ഉപയോഗിക്കുന്നത്. കയർ മാറ്റ്, ട്രേ, സാനിട്ടൈസർ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയിൽ എത്തുന്നത്.