t

 പച്ചക്കറി വിഭവങ്ങളിലേക്ക് മത്സ്യ പ്രേമികളും

ആലപ്പുഴ: തീരമേഖലയിൽ നിയന്ത്രങ്ങൾ കടുത്തതോടെ വരും ദിവസങ്ങളിൽ കടൽ മത്സ്യം കിട്ടാക്കനിയാവും. ഇതിനകം തന്നെ പച്ചക്കറി വിഭവങ്ങളിലേക്ക് കൂടൂമാറിയിരിക്കുകയാണ് പലരും. ലോക്ക് ഡൗൺകാലത്ത് വീട്ടുമുറ്റത്ത് ആരംഭിച്ച പച്ചക്കറിത്തോട്ടമാണ് മിക്കവർക്കും ഇപ്പോഴത്തെ ആശ്രയം.

നിയന്ത്രണങ്ങളുണ്ടായിട്ടും പൊന്തുവള്ളങ്ങളിലും, വലയിട്ടും പിടിക്കുന്ന കടൽമത്സ്യം നിലവിൽ ലഭ്യമാണ്. അധികം താമസമില്ലാതെ അതും നിലയ്ക്കും. സമ്പർക്കവ്യാപനം റിപ്പോർട്ട് ചെയ്തതോടെ പച്ചക്കറി ചന്തകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. വീട്ടുപടിക്കലെത്തുന്ന കച്ചവടക്കാരെയും അകറ്റുകയാണ് പലരും. വീട്ടിൽത്തന്നെ കൃഷിചെയ്യുന്ന വെണ്ട, തക്കാളി, വഴുതന, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. മഴക്കാലത്ത് ദഹനപ്രക്രിയ കഠിനമായതിനാൽ പച്ചക്കറികളിലേക്ക് വഴിമാറിയവരുമുണ്ട്. കർക്കിടക ആരോഗ്യരക്ഷയുടെ ഭാഗമായും ഇലക്കറികൾ തീൻമേശകളിൽ സ്ഥാനമുറപ്പിക്കുകയാണ്. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണപദാ‌ർത്ഥങ്ങളാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. അതിനാൽത്തന്നെ മത്സ്യം കിട്ടാതായിട്ടും ഇറച്ചി വിപണിയിൽ കാര്യമായ പ്രതിഫലനമില്ല.

.....................................

# ശ്രദ്ധിക്കണം കർക്കടകം

 കർക്കടകത്തിൽ രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റി കുറയ്കും പഴങ്ങളും പച്ചക്കറികളും

 ഇങ്ങനെ രക്തത്തിന്റെ പി.എച്ച് കൃത്യമായ അളവിൽ നിലനിറുത്താനാവും

 മത്സ്യം, മാംസം, മുട്ട, പയർവർഗങ്ങൾ, എണ്ണയിൽ വറുത്തത് തുടങ്ങിയവ ഒഴിവാക്കിയാൽ നന്ന്

 കർക്കിടകമാസത്തിൽ മത്സ്യമാംസാഹാരങ്ങൾ അധികമായി കഴിക്കുന്നത് ദഹനക്കേടുണ്ടാക്കും

 വേഗം ദഹിക്കുന്ന സസ്യാഹാരങ്ങൾ കർക്കിടകത്തിൽ ഉത്തമം

......................................

# കറിക്കാര്യം തലവേദന

നിത്യേന ഓഫീസുകളിൽ ജോലിക്കു പോകുന്നവരെയാണ് മത്സ്യത്തിന്റെ ലഭ്യതക്കുറവ് കാര്യമായി ബാധിച്ചത്. മത്സ്യം സുലഭമായിരുന്ന നാളുകളിൽ കറികൾക്ക് ക്ഷാമമില്ലായിരുന്നു. കടകളിലെ പച്ചക്കറി വാങ്ങാൻ ഭയമായി. വീട്ടിലെ ചെറുതോട്ടത്തെ ആശ്രയിച്ച് എല്ലാ ദിവസവും കറികൾ ഒപ്പിക്കാനുമാവുന്നില്ല. ആറ്റുമീനുകൾ സുലഭമാണെങ്കിലും മിക്കവയ്ക്കും അമിത വില. ഇടത്തോടുകളും ആറുകളും കേന്ദ്രീകരിച്ചാണ് മീൻപിടിത്തം കൂടുതലും. ജീവനുള്ളവ ആയതുകൊണ്ട് വിശ്വസിച്ച് വാങ്ങി ഉപയോഗിക്കാമെന്നതാണ് ഏക ആശ്വാസം.