ആലപ്പുഴ: സിറ്റിംഗ് കൗൺസിലിന്റെ കാലാവധി രണ്ട് മാസം മാത്രം ശേഷിക്കേ, നഗരം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കാന വൃത്തിയാക്കൽ, പുല്ല് വെട്ട്, റോഡ് ശുചീകരണം തുടങ്ങിയ ജോലികളാണ് സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. മഴക്കാല പൂർവ പദ്ധതി​യിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം നൂറോളം കണ്ടിൻജൻസി തൊഴിലാളികളെയാണ് പുതുതായി നഗരസഭ ജോലിക്കെടുത്തത്. നഗരത്തിലെ 52 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കവെയാണ് രണ്ട് വാർഡുകളിൽ കൊവിഡ് സ്ഥിരീകരിച്ചതും കണ്ടൈൻമെന്റ് സോണുകളാക്കിയതും. ഇവിടെ അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണ കാനകൾ വൃത്തിയാക്കുമ്പോൾ കോരുന്ന ചെളി കലർന്ന മണ്ണ് അതിന് സമീപത്തായി തന്നെ കോരിവയ്ക്കാറാണ് പതിവ്. പിന്നീട് മഴ വന്ന് വെള്ളം നിറയുമ്പോൾ അത് പതിയെ കാനയിലേക്ക് തന്നെ ഒഴുകിപ്പോകാറുണ്ട്. ഇതി​ന് ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. കാനകളിൽ നിന്ന് കോരുന്ന മണ്ണ് ഗ്രോ ബാഗുകളിലും ചാക്കുകളിലും നിറച്ച് അതത് പ്രദേശത്ത് തന്നെ ചെടികളും പച്ചക്കറികളും നടുന്ന രീതിയാണ് പ്രാവർത്തികമാക്കുന്നത്. ഇതിന് തുടക്കമെന്ന നിലയിൽ കളക്ടറേറ്റിന് സമീപം ഹരിത കർമ്മസേന അംഗങ്ങളും കണ്ടിൻജെന്റ് തൊഴിലാളികളും, ഹെൽത്ത് ഉദ്യോഗസ്ഥരും ചേർന്ന് ഗ്രോ ബാഗുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ ഏറ്റവുമധികമുള്ളത് പി.ഡബ്ല്യു.ഡി വകുപ്പിന്റെ കാനകളാണെങ്കിലും അവയും നഗരസഭയാണ് വൃത്തിയാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ശുചീകരിക്കുന്ന ചുമതലയും കണ്ടിൻജെന്റ് ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

.....................

52 100

52 വാർഡുകളിലായി

100 ഓളം കണ്ടിജെന്റ് ജീവനക്കാർ

പ്രതിദിന വേതനം - 650 രൂപ

ജോലി സമയം - രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ

ജോലി​കൾ ഇവ

കാന വൃത്തിയാക്കൽ, സ്ലാബ് മാറ്റൽ, പുല്ല് വെട്ട്, റോഡ് ശുചീകരണം

കൊവിഡ് കെയർ സെന്ററുകളിലെ ശുചീകരണം, അണുനശീകരണം

................

അഭ്യസ്‌തവിദ്യരായ നൂറോളം പേരെയാണ് കണ്ടിൻജെന്റ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. സമയബന്ധിതമായി തന്നെ ജോലികൾ പൂർത്തീകരിക്കും. കണ്ടൈൻമെന്റ് സോണുകളിൽ മാത്രമാണ് പ്രവർത്തനങ്ങൾ തടസപ്പെടുന്നത്.

ബഷീർ കോയാപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ