ആലപ്പുഴ: കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ലജ്നത്ത്, സക്കറിയ ബസാർ വാർഡുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. രോഗബാധിതരിൽ ഒരാൾ കുടിവെള്ള വിതരണ സ്ഥാപനം നടത്തിവന്നതിനാൽ കടുത്ത പ്രതിരോധ നടപടികളാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളത്.
രോഗബാധിതൻ നഗരത്തിലെ പ്രശസ്ത വസ്ത്രവ്യാപാരശാല ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ സന്ദർശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സമ്പർക്കമുള്ളതായി കണ്ടെത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ രോഗബാധിതരുടെ വീടും പരിസരവും വാർഡിലെ പ്രധാന കേന്ദ്രങ്ങളും അണുവിമുക്തമാക്കി. അതീവ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് മൈക്ക് അനൗൺസ്മെന്റുകൾ നടത്തുന്നുണ്ട്. ഇരു വാർഡുകളിലെയും റോഡുകളെല്ലാം പൊലീസ് അടച്ചു. അടിയന്തരഘട്ടത്തിൽ യാത്ര ചെയ്യാൻ ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 8 മുതൽ 11 വരെ പ്രവർത്തനാനുമതിയുണ്ട്.