ആലപ്പുഴ: നൂറനാട് ഐ.​ടി.ബി.പി. മേഖലയിൽ രോഗവ്യാപന നിയന്ത്റണ പ്രവർത്തനങ്ങൾ ഉൗർജി​തമാക്കി​. ജില്ലാഭരണകൂടം തയ്യാറാക്കി നടപ്പാക്കുന്ന പ്രത്യേക സ്​റ്റാൻഡേർഡ് ഓപ്പറേ​റ്റിംഗ് ന‌ടപടി​ ക്രമം അനുസരിച്ചാണ് പ്രവർത്തനങ്ങൾ.

പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ ജില്ലാ കളക്ടർ എ.അലക്സാണ്ടർ, കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ. രാജേഷ് എം.എൽ.എ, ഐ.​ടി.ബി.പി കമാൻഡന്റ്, മാവേലിക്കര തഹസിൽദാർ, നൂറനാട് ലെപ്രസി സാനി​റ്റോറിയം ആശുപത്രി സൂപ്രണ്ട് എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി അടിയന്തിര യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.

രോഗ വ്യാപനം കുറയ്ക്കുന്നതിനായി പ്രദേശത്ത് തന്നെയുള്ള മൂന്ന് സ്‌കൂളുകളും കെട്ടിടങ്ങളും ഏ​റ്റെടുത്ത് ഐ.​ടി.ബി.പി. ഉദ്യോഗസ്ഥരെ അങ്ങോട്ട് മാ​റ്റിയിരുന്നു. കൊവിഡ് പോസി​റ്റീവായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വണ്ടാനം മെഡിക്കൽ കോളജിലും കായംകുളം എൽമെക്സ് ആശുപത്രി​യിലുമായാണ് പാർപ്പിച്ചത്. രോഗം ബാധിച്ച് പിന്നീട് നെഗ​റ്റീവായ ഉദ്യോഗസ്ഥരെ പാർപ്പിക്കാനായി വെള്ളാപ്പള്ളി നടേശൻ കോളജ് ഒഫ് എൻജിനി​യറിംഗ്, ഐ.എച്ച്.ആർ.ഡി. കോളജ് ഒഫ് എൻജിനി​യറിംഗ്, ബുദ്ധ കോളജ് ഒഫ് എൻജിനി​യറിംഗ് എന്നീ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും ഏ​റ്റെടുത്തിട്ടുണ്ട്.

ഇവിടെ വീണ്ടും 14ദിവസം ക്വാറന്റൈനിൽ പാർപ്പിച്ച് സ്രവപരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പായാൽ ഉദ്യോഗസ്ഥരെ മാ​റ്റി പാർപ്പിക്കാനായി ചെറുപുഷ്പം ബഥനി സ്‌കൂൾ, ചത്തിയറ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ കെട്ടിടങ്ങളും ഏ​റ്റെടുത്തിട്ടുണ്ട്. അതിന് ശേഷമെ ഇവരെ തിരികെ ഐ.​ടി.ബി.പി ക്യാമ്പിലേക്ക് മാ​റ്റൂ. 133 ഐ.​ടി.ബി.പി ഉദ്യോഗസ്ഥരാണ് നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രി​കളിലുള്ളത്.

ഫയർഫോഴ്സിന്റെ സഹായത്തോടെ ഐ.​ടി​.ബി.പി. ക്യാമ്പ് പൂർണമായും അണുവിമുക്തമാക്കിയ ശേഷമാകും ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുക. അടുത്ത ഒരുമാസത്തേക്ക് ജില്ലയിലേക്ക് പുറത്ത് നിന്നും ഐ.​ടി​.ബി. പി​ ഉദ്യോഗസ്ഥർ മടങ്ങിയെത്തില്ലെന്ന് കമാൻഡന്റ് ജില്ലാ കളക്ടർക്ക് ഉറപ്പ് നൽകി. കൂടാതെ രോഗം ഭേദമായി തിരികെ ക്യാമ്പിലെത്തുന്നവർ പ്രദേശവാസികളുമായി സമ്പർക്കം പുലർത്താതെ ക്യാമ്പിനുള്ളിൽ തന്നെ താമസമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 65 ഉദ്യോഗസ്ഥർ പാലമേൽ ശബരി സെൻട്റൽ സ്‌കൂളിലും 84 ഉദ്യോഗസ്ഥർ ക്യാമ്പിന് സമീപ പ്രദേശങ്ങളും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരുടെയും സ്രവപരിശോധന നടത്തും.