ആലപ്പുഴ: നട്ടെല്ലിലെ ശസ്ത്രക്രിയയിൽ വലതുകാലിന് സ്വാധീനം നഷ്ടപ്പെട്ട് കിടപ്പ് രോഗിയായി മാറിയ ആറാട്ടുപുഴ കള്ളിക്കാട് ഇടശേരിക്കാട്ടിൽ ശശിധരനു (59) വേണ്ട മരുന്നുകൾ ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രത്യേകമായി എത്തിക്കും. ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ്
പരിഹാരമായത്.
കാർത്തികപ്പള്ളി താലൂക്കിനായി ജില്ലാ കളക്ടർ നടത്തിയ ആദ്യഘട്ട ഓൺലൈൻ അദാലത്തിൽ പരിഗണിച്ച പരാതികളിൽ 94 ശതമാനത്തിനും പരിഹാരമായി. ആകെ കിട്ടിയ 145 പരാതികളിൽ ആദ്യഘട്ട അദാലത്തിൽ പരിഗണിച്ച 50 ൽ 47 എണ്ണത്തിലും തീർപ്പുണ്ടായി.
അദാലത്തിലേക്ക് അപേക്ഷ നൽകിയ അക്ഷയ സെന്ററിലെത്തിയാണ് അപേക്ഷകർ പരിപാടിയിൽ പങ്കെടുത്തത്. കളക്ടറുടെ കാർത്തികപ്പള്ളി താലൂക്കിലെ രണ്ടാംഘട്ട പരാതി പരിഹാര ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ
ഓഗസ്റ്റ് ഒന്നിന് നടക്കും. മൂന്നാംഘട്ട ഓൺലൈൻ അദാലത്തിന്റെ തീയതി പിന്നീട് അറിയിക്കും.