ഹരിപ്പാട്: കൊവിഡ് സാമൂഹ്യ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിലും റിസൾട്ടുകൾ വേഗത്തിലാക്കുന്നതിലും ജാഗ്രതക്കുറവ് ഉണ്ടാകുന്നെന്ന് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റിസൾട്ടുകൾ സമയബന്ധിതമായി ലഭിക്കുന്നതിനുളള നടപടികൾ ആരോഗ്യവകുപ്പിൽ നിന്ന് ഉണ്ടാകണം. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളാണ് സമൂഹവ്യാപനഭീഷണി നേരിടുന്നത്. കണ്ടെയിൻമെന്റ് സോണായ ഈ പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റ് വിതരണം അടിയന്തരമായി നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുളള മന്ത്രി ജി.സുധാകരനുമായി ഫോണിൽ സംസാരിച്ചു. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാനുളള നടപടിയുണ്ടാകണം. തൃക്കുന്നപ്പുഴ സി.എച്ച്.സിയിൽ നിന്നും മാറ്റിയ 108 ആംബുലൻസ് തിരികെ എത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഓട്ടോ,ടാക്സി, മത്സ്യത്തൊഴിലാളികൾ ,കയർ, കർഷക തൊഴിലാളികൾ, എന്നിവർക്ക് അവരുടെ ക്ഷേമനിധിയിൽ നിന്നോ ,സർക്കാർ നേരിട്ടോ സാമ്പത്തികസഹായം നൽകണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകും.സാധാരണക്കാർ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കുടുംബങ്ങൾക്ക് 5000 രൂപ ലഭ്യമാകുന്ന രീതിയിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് എം.ലിജു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.