ചേർത്തല:വനിത ശിശു ക്ഷേമ വകുപ്പിന്റെ കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലിക സദനത്തിലെ ജീവനക്കാരും കുട്ടികളുമായി ഉണ്ടായ തർക്കം ഒത്തുതീർപ്പായി. ലോക്ക് ഡൗണിനെ തുടർന്ന് ഇവിടുത്തെ കുട്ടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്റണങ്ങളാണ് പ്രശ്‌നങ്ങൾക്ക് വഴി തെളിച്ചത്. കുട്ടികൾക്ക് പുറത്ത് ഇറങ്ങി നടക്കുന്നതിന് വരെ നിരോധനം ഉണ്ടെന്ന്ആക്ഷേപംഉയർന്നിട്ടുണ്ട്.മാസങ്ങളായി ഇവരെ മുറികളിൽ നിന്ന് പുറത്തിറക്കാതെ അടച്ചു പൂട്ടിയ അവസ്ഥയിലായിരുന്നെന്നും ഇതിനെതിരെ കുട്ടികൾ പ്രതിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് വിവരം.തുടർന്ന് വെള്ളിയാഴ്ച കുട്ടികളും ജീവനക്കാരും തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായി.ശനിയാഴ്ച ചിൽഡ്രൻസ് വെൽഫെയർ കമ്മറ്റി അദ്ധ്യക്ഷ ജലജ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്.അർത്തുങ്കൽ പൊലീസിന്റെ സഹായവും തേടി. മൂന്ന് കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിട്ടു.സംരക്ഷണ ചുമതല ജനപ്രതിനിധികൾ ഏറ്റെടത്തതിനെ തുടർന്നാണ് ഇവരെ വീടുകളിലേക്ക് മടക്കി വിട്ടത്.ഇന്ന് കുട്ടികൾക്കായി കൗൺസിലിംഗ് നടക്കും.ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിലാണ് ബാലിക സദനം സ്ഥിതി ചെയ്യുന്നത്. അതിനാൽ ബന്ധുക്കളുടെ സന്ദർശനം പോലും കൊവിഡ് പ്രോട്ടോകാൾ മൂലം അനുവദിക്കില്ല. ഇത് കുട്ടികളെ പറഞ്ഞ് മനസിലാക്കാൻ സാധിച്ചതായി ജലജ ചന്ദ്രൻ പറഞ്ഞു.ബാലക്ഷേമ സമതി അംഗം എം.നാജ, ശിശുക്ഷേമ സമതി ജില്ലാ ഓഫീസർ മിനിമോൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മികച്ച ബാലിക സദനത്തിനുള്ള
അവാർഡ് നേടിയ സ്ഥാപനം
മായിത്തറയിൽ പ്രവർത്തിക്കുന്ന സർക്കാർ ബാലിക സദനം സംസ്ഥാനത്തിന് ആകെ മാതൃകയായി പ്രവർത്തിച്ച് സർക്കാരിന്റെ അവാർഡ് നേടിയ സ്ഥാപനമാണ്.എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇതിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.17 വയസിന് താഴെ പ്രായമുള്ള 37 കുട്ടികളെ പാർപ്പിച്ചിരുന്ന ഇവിടെ മദ്ധ്യേ വേനൽ അവധിയായതോടെ ഇരുപതോളം കുട്ടികൾ വീടുകളിലേയ്ക്ക് പോയിരുന്നു. 17 പേർമാത്രമാണ് നിലവിൽ ഇവിടെയുള്ളത്.ഇവരെ ഒന്നരമാസമായി മുറികളിൽ നിന്ന് മതിൽകെട്ടിനുള്ളിലേയ്ക്ക് ഇറക്കുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ് ഇവർ പ്രതിഷേധവുമായി രംഗത്ത് വന്നത്.സൂപ്രണ്ടിന് പുറമെ രണ്ട് കെയർ ടേക്കർമാരും രണ്ട് വാച്ച് വുമൺമാരും നിലവിൽ ഇവിടെയുണ്ട്.