മാവേലിക്കര: മാവേലിക്കര പി.എം ആശുപത്രിയിൽ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ ലീലാഅഭിലാഷ്, എൻ.എച്ച്.എം ഡി.പി.എം ഡോ.എൻ.രാധാകൃഷ്ണൻ, സെന്റർ നോഡൽ ഓഫീസർ ഡോ.എം.ഷിബുഖാൻ, അഡ്മിനിസ്ട്രേറ്റീവ് ഇൻ ചാർജ്ജ് ഡോ.ജയകുമാർ.വി.വി എന്നിവർ പങ്കെടുത്തു. കോവിഡ് രോഗിയാണെങ്കിലും മറ്റ് രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചിത്സിക്കുക. നിലവിൽ 31 മുറികളിലായി 62 രോഗികൾക്ക് ഇവിടെ ചികിത്സ ലഭ്യമാകും. 4 ഡോക്ടർമാർ, 8 സ്റ്റാഫ് നേഴ്സ്, 12 ക്ലീനിംഗ് സ്റ്റാഫുകൾ എന്നിവരാണ് സേവനം നടത്തുന്നത്. രോഗികൾക്ക് നാഷണൽ ഹെൽത്ത് മിഷൻ ഭക്ഷണം, മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ വിതരണം നടത്തും. ഇവർ കിടക്കുന്ന മുറികളിൽ ഡിസ്പോസിബിൽ ബഡ്ഷീറ്റുകളാണ് ഉപയോഗിക്കുക. 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സ്രവ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ്ജ് ചെയ്യും. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. നോഡൽ ഓഫീസർ ഡോ.എം.ഷിബുഖാൻ, അഡ്മിനിസ്ട്രേറ്റീവ് ഇൻ ചാർജ്ജ് ഡോ.ജയകുമാർ.വി.വി എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ നടക്കുക.