ചേർത്തല : സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ അഭിമാന വിജയം നേടി ദുർഗ സുമേഷ് . 500 ൽ 497 മാർക്ക് നേടിയാണ് .മുഹമ്മ കെ.ഇ.കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയും കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ സരസ്വതി നിവാസിൽ ടി.സുമേഷിന്റെയും അനുപമയുടെയും മകളുമായ ദുർഗ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. 99.4ശതമാനം മാർക്കാണ് ദുർഗ നേടിയത്.
499 മാർക്കാണ് ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഡൽഹി സ്വദേശിയായ വിദ്യാർത്ഥിക്ക് ലഭിച്ചത്.യു.കെ.ജി മുതൽ കാർമൽ സ്കൂളിലാണ് ദുർഗ പഠിച്ചത്.പ്രത്യേകം സമയം ക്രമീകരിച്ചായിരുന്നു പഠന രീതി.കണക്കിന് മാത്രമാണ് പ്രത്യേക ട്യൂഷൻ ഉണ്ടായിരുന്നത്.സ്കൂൾ അധികൃതരുടെ പ്രത്യേക ശ്രദ്ധയും മാതാപിതാക്കളുടെ പിന്തുണയും മികച്ച വിജയത്തിന് തുണയായി.ബിസിനസുകാരനായ സുമേഷിന്റെയും എൽ.ഐ.സിയിലെ അസിസ്റ്റന്റായ കെ.അനുപമയുടെയും മൂത്ത മകളായ ദുർഗയുടെ ഈ നേട്ടത്തിന് നവമാദ്ധ്യമങ്ങളിലൂടെയും ഫോണിലും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ദുർഗയുടെ അഭിമാനവിജയത്തോടൊപ്പം 100 ശതമാനം വിജയമാണ് മുഹമ്മ കെ.ഇ.കാർമൽ സ്കൂൾ കൈവരിച്ചത്.പരീക്ഷ എഴുതിയ 107 പേരിൽ 61 പേർക്കും 90ശതമാനത്തിലധികം മാർക്കാണ് ലഭിച്ചതെന്ന് പ്രിൻസിപ്പൽ ഫാ.മാത്യു തെങ്ങുംപള്ളിൽ പറഞ്ഞു.