ആലപ്പുഴ: മിഥുനിന്റെയും നിമലിന്റയും അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തലവടി ഗ്രാമം. അമ്പലപ്പുഴയിലെ ഇളയച്ഛന്റെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങിയ ഇരുവരും ഒന്നിച്ച് മരണത്തിന്റെ ആഴത്തിലേക്കു പോയ യാഥാർത്ഥ്യം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അച്ഛനമ്മമാർക്ക്.
അമ്പലപ്പുഴ-തിരുവല്ല റോഡിൽ ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ തലവടി നടുവിലേമുറി തണ്ണൂവേലിൽ സുനിൽ- അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം.പണിക്കർ (22), നിമൽ എം.പണിക്കർ (16) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും അകാലത്തിലുള്ള വേർപാട് ഗ്രാമത്തെ കണ്ണീർക്കടലിലാഴ്ത്തി. സുനിലിന്റെ അമ്പലപ്പുഴയിലുള്ള സഹോദരന്റെ മകളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ശനിയാഴ്ച വധൂവരൻന്മാർ വിരുന്നിനായി അമ്പലപ്പുഴയിൽ എത്തി. ഇവരെ കാണാനാണ് മിഥുനും നിമലും അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച് അമ്പലപ്പുഴയിൽ പോയത്. ശനിയാഴ്ച രാത്രി അവിടെ താമസിച്ചു. ഇന്നലെ പുലർച്ചെ തലവടിയിലേക്കുള്ള മടക്കയാത്രയിൽ തെരുവ് നായ വട്ടം ചാടിയതാണ് കാറിന്റെ നിയന്ത്രണം തെറ്റിച്ചത്.
ജനവാസം കുറവായ കൈതമുക്ക് ജംഗ്ഷനിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് പേരുടെ ജീവനാണ് നഷ്ടമായത്. ഇവിടെ രാത്രിയിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ തെരുവ് നായ്ക്കളുടെ ശല്യവും. മരത്തിലിടിച്ച് ചതാപ്പിലേക്കു മറിഞ്ഞ കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തേക്കിറങ്ങാനുള്ള ശ്രമംപോലും നടത്താനായില്ല.
ഓടിയെത്തിയ നാട്ടുകാർക്ക് രൂക്ഷമായ ദുർഗന്ധം അസഹനീയമായി. അഡ്വ. വിനോദ് വർഗ്ഗീസ്, കൊടുംപിരിശ്ശേരിയിൽ ബിനു, കൂട്ടക്കര സാബു, കരുവടി ജോയി എന്നിവർ ഓടിയെത്തി കാറിൽ നിന്ന് ഇരുവരേയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതൽ ആളുകളെത്തി കാർ കയറിൽ കെട്ടി ഉയർത്താൻ ശ്രമിച്ചെങ്കിലും കയർ പൊട്ടിയതിനാൽ ഈ ശ്രമവും പരാജയപ്പെട്ടു. അറവ് മാലിന്യങ്ങൾ തള്ളുന്ന വെള്ളക്കെട്ടിലെ ചെളിയിൽ കാർ പൂണ്ടുപോയതാണ് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഇരുവരും നാട്ടകാർക്ക് പ്രിയപ്പെട്ടവരായിരുന്നു. മിഥുൻ ചെന്നൈയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ്. കൊവിഡ് മൂലം പരീക്ഷ മാറ്റിവെച്ചതിനാനാലാണ് നാട്ടിലെത്തിയത്. അച്ഛൻ സുനിൽ തലവടി പഞ്ചായത്ത് ജംഗ്ഷനിൽ സാഗർ സ്റ്റുഡിയോ നടത്തുകയാണ്. നിമൽ നീരേറ്റുപുറം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്‌ളാസിൽ നിന്ന് വിജയിച്ചു. സംസ്കാരം കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം നടക്കും.