പുഷ്പ വ്യാപാര മേഖല വല്ലാത്ത പ്രതിസന്ധിയിൽ
പൂച്ചാക്കൽ: ക്ഷേത്രനടകൾ അടഞ്ഞതും വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ ചടങ്ങുകൾ മുടങ്ങിയതും പുഷ്പവ്യാപാര മേഖലയുടെ അടിക്കല്ലിളക്കി. ഇനം തിരിഞ്ഞ് ഇഷ്ടംപോലെ വിറ്റഴിക്കപ്പെട്ടിരുന്ന പുഷ്പങ്ങൾ കടകളിൽ കെട്ടിക്കിടന്ന് വാടുകയാണ്.
കല്യാണം, ഉത്സവം, ഓണം സീസണുകളിൽ കച്ചവടം മൂന്നിരട്ടി വരെ ആകാറുണ്ട്. പ്രമുഖ കടകളിലൊക്കെ പത്ത് പേരെങ്കിലും സ്ഥിരം തൊഴിലാളികളുണ്ട്. ഇവന്റ് മാനേജ്മെന്റ് ബിസിനസ് വളർന്നതോടെ പൂക്കൾ കൊണ്ടുള്ള ഡക്കറേഷനും ഡിമാൻഡായിരുന്നു. അര ലക്ഷം രൂപ മുതലായിരുന്നു കല്യാണ റിസപ്ഷന്റെ സെറ്റ് ഒരുക്കാൻ പലരും ചെലവാക്കിയിരുന്നത്. പഠനച്ചെലവ് കണ്ടെത്താൻ കാറ്ററിംഗ് ജോലിയോടൊപ്പം ഡക്കറേഷനും സഹായികളായി എത്തിയിരുന്ന കുട്ടികളും പുഷ്പ വ്യാപാരത്തിന്റെ തകർച്ചയിൽ അടിപ്പെട്ടു പോയി.
പ്രമുഖ ക്ഷേത്രങ്ങളിലേക്ക് പ്രതിമാസം ശരാശരി 20,000 രൂപയുടെ വരെ പുഷ്പങ്ങൾ വിറ്റിരുന്നതാണ്. നിയന്ത്രണം വന്നതോടെ ക്ഷേത്രം ഭാരവാഹികൾ പരിസരത്തു നിന്നുള്ള പുഷ്പങ്ങൾ ശേഖരിച്ച് ആവശ്യങ്ങൾ നിറവേറ്റുകയാണ്. കഴിഞ്ഞ ഓണം സീസണിൽ പ്രളയം ബാധിച്ച് നിലംപൊത്തിയ കച്ചവടം പിന്നീട് തിരികെ പിടിക്കാൻ സാധിച്ചിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. മൊത്തവ്യാപാരികളും ഇടത്തരം, ചെറുകിട കച്ചവടക്കാരും ജോലിക്കാരുമുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. അസംഘടിതരായതുകൊണ്ട് സർക്കാരിന്റെ യാതൊരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. കട വാടകയും വൈദ്യുതി ചാർജും വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളുടെ തിരിച്ചടവും മുടങ്ങിയ കട ഉടമകൾ നിത്യ ചെലവിനുള്ള വഴി തേടുകയാണിപ്പോൾ.
അവിടെ പ്രശ്നം രൂക്ഷം
ഹൊസൂർ, ബംഗളുരു, കോയമ്പത്തൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പുഷ്പങ്ങൾ കേരളത്തിൽ എത്തുന്നത്. കല്യാണ സീസണും ഓണക്കാല കച്ചവടവും മുന്നിൽക്കണ്ട് പുഷ്പകൃഷി ചെയ്തവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹൊസൂരിലെ ഏക്കർ കണക്കിന് തോട്ടങ്ങളിലെ ജമന്തിപ്പൂക്കൾ ആവശ്യക്കാരില്ലാത്തതു കൊണ്ട് നശിപ്പിച്ചു. ഇനിയെന്തു ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.
.......................
പലിശരഹിതമായി ദീർഘകാല വായ്പ അനുവദിക്കണം. കൊവിഡ് വ്യാപനം ഇല്ലാത്ത സ്ഥലങ്ങളിൽ ചടങ്ങുകൾ നടത്താൻ സർക്കാർ ഇടപെടണം
റജു ജോർജ്ജ്, പുഷ്പവാടി (വ്യാപാരി)
..............................
പൂക്കടകളിൽ ജോലി ചെയ്യുന്നവർക്കും അനുബന്ധമായി തൊഴിലെടുക്കുന്നവർക്കും അടിയന്തിരമായി സഹായം എത്തിക്കണം
പി.എസ്.അരവിന്ദാക്ഷൻ (തൊഴിലാളി )