tu

 തീരദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇരട്ടി ദുരിതം

ഹരിപ്പാട്: കണ്ടെന്റ്മെന്റ് സോൺ നിയന്ത്രണങ്ങളിൽ വലയുന്ന തീരദേശ ജനതയെ വലച്ച് രൂക്ഷമായ കടലാക്രമണം. ഇന്നലെ രാവിലെ എട്ടുമണിയോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലാണ് കടൽ ഇരച്ചു കയറിയത്.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം പൂർണമായും കടൽക്ഷോഭത്താൽ വലയുകയാണ്. അടുത്ത കാലത്തൊന്നും ഇത്ര രൂക്ഷമായ കടലാക്രമണം ഉണ്ടായിട്ടില്ലെന്ന് തീരദേശവാസികൾ പറയുന്നു. പത്തുമണിയോടെ തിരമാലകളുടെ ശക്തി ക്രമാതീതമായി വർദ്ധിച്ച് കടൽഭിത്തിക്ക് മുകളിലൂടെ കൂറ്റൻ തിരകൾ ആഞ്ഞടിക്കുകയായിരുന്നു. ആറാട്ടുപുഴ- തൃക്കുന്നപ്പുഴ റോഡിലും, മതുക്കൽ മുതൽ പാനൂർ വരെ യുള്ള തീരദേശ റോഡിലും കടൽ റോഡ് കവിഞ്ഞൊഴുകി. രണ്ടു പഞ്ചായത്തുകളിലുമായി നൂറുകണക്കിനു വീടുകളിലാണ് കടൽ വെള്ളം അടിച്ചു കയറിയത്. മിക്ക വീടുകളുടെയും ഉള്ളിൽ ഇപ്പോഴും കടൽ വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്.

ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, വട്ടച്ചാൽ, നല്ലാണിക്കൽ, കള്ളിക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, കാർത്തിക ജംഗ്ഷൻ, എം.ഇ.എസ് ജംഗ്ഷൻ, കുറിച്ചിക്കൽ, പത്തിശ്ശേരി, മംഗലം എന്നിവിടങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര, മതുക്കൽ ചേലക്കാട്, പാനൂർ പള്ളിമുക്ക്, പല്ലന തോപ്പിൽ മുക്ക്, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ആറാട്ടുപുഴ കോടശ്ശേരി സൈനബ, പാനൂർ ഉതും പറമ്പിൽ പടീറ്റതിൽ അനീഷ്, തൃക്കുന്നപ്പുഴ പാനൂർ കുറത്തറ പടീറ്റതിൽ ഹർഷത്ത്, ചേലക്കാട് തറയിൽ നാസർ, കാട്ടാശ്ശേരിൽ സൽ മത്ത് എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി തകരാറുണ്ട്. തഹസിൽദാർ പ്രദേശം സന്ദർശിച്ചു.