ആലപ്പുഴ: കൊവിഡ് പരിശോധനയ്ക്കുള്ള കാലതാമസം പുതിയ യന്ത്റം എത്തിയതോടെ ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്റി ജി.സുധാകരൻ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച കൊവിഡ് രോഗികളുടെയും പരിശോധന സാമ്പിളുകളുടെയും എണ്ണം വർദ്ധിച്ചത് മൂലവും മറ്റ് ജില്ലകളിൽ നിന്നുള്ള സ്രവ പരിശോധന കൂടുകകയും ചെയ്തതാണ് പരിശോധന ഫലം ലഭിക്കുന്നതിൽ കാലതാമസം വരുത്തിയത്.
മുഖ്യ മന്ത്റിക്കും ആരോഗ്യമന്ത്റിക്കും ഇത് സംബന്ധിച്ച കുറിപ്പ് നേരിട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 45 ലക്ഷം വിലയുള്ള പുതിയ ആട്ടോമാറ്റിക് ന്യു ക്ലിക്ക് ആസിഡ് എക്‌സ്ട്രാക്ടർ മെഷീൻ സംസ്ഥാന മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ജില്ലയ്ക്ക് വേണ്ടി അനുവദിക്കുകയായിരുന്നു. മണിക്കൂറിൽ 96 സാമ്പിളുകൾ പരിശോധിക്കാനാവും. നാല് മണിക്കൂറിനുള്ളിൽ ഫലം അറിയുവാനും കഴിയും. ഡെമോൺസ്ട്രേഷന് ശേഷം മെഷീനിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇനി ദിവസം 1000ത്തിന് മുകളിൽ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. ഇപ്പോൾ ലഭിച്ചിട്ടുള്ള സാമ്പിളുകൾ നാളെയോടെ പൂർണ്ണമായും പരിശോധിക്കാനാവുമെന്ന് ചുപതലക്കാരനായ ഡോ. സുഗുണൻ അറിയിച്ചതായും മന്ത്റി പറഞ്ഞു.