മാവേലിക്കര: പെൻഷനുകളും ശമ്പളവും ദുരിതാശ്വാസ ധനവും നഷ്ടപരിഹാരവും കൊടുക്കാൻ ഖജനാവിൽ പണമില്ലെന്ന് നിത്യേന വിലപിക്കുന്ന മുഖ്യമന്ത്രി കൺസൾട്ടൻസി എന്ന പേരിൽ ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും കടമെടുത്ത് കോടികൾ ശമ്പളമായും ആഡംബര വാഹനങ്ങളായും നൽകുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട പാവങ്ങൾക്ക് അടിസ്ഥാന സഹായം നൽകാൻ പോലും വർഷങ്ങളായി പണമില്ലാത്ത സർക്കാർ കൺസൾട്ടൻസികൾക്ക് വേണ്ടി ഖജനാവ് തുറന്നു വെച്ചിരിക്കുകയാണ്. ഇഷ്ടക്കാർക്കു വേണ്ടി ഒഴിവുകൾ സൃഷ്‌ടിക്കുന്ന സർക്കാർ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുന്നത് നിസഹായമായി നോക്കിനിൽക്കുന്നത് ചെറുപ്പക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.