n-rajan

മാന്നാർ: സംസ്ഥാന ഫോക് ലോർ അക്കാഡമിയുടെ അവാർഡ് തിളക്കത്തിലാണ് മാന്നാർ. നാടൻ പാട്ട് രംഗത്തെ സംഭാവനയ്ക്ക് ബുധനൂർ തായ്മൊഴി സ്ഥാപകൻ നെല്ലികുഴിയിൽ എൻ. രാജൻ (57), മാന്നാർ വിഷവർശേരിക്കര വള്ളിവേലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും രത്നമ്മയുടെയും മകനായ രാകേഷ് കൃഷ്ണൻ എന്ന ഉണ്ണി മാന്നാർ, കളരിപ്പയറ്റ് അഭ്യാസിയായ കുട്ടമ്പേരൂർ കോട്ടൂരത്തിൽ വീട്ടിൽ കെ.ആർ. രദീപ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

36 വർഷമായി കലാരംഗത്തുള്ള ആളാണ് രാജൻ. കർഷക തൊഴിലാളി കുടുംബത്തിൽപ്പെട്ട രാജൻ, അച്ഛൻ പരേതനായ നാണുവിന്റെയും അമ്മ പെണ്ണമ്മയുടെയും നാവിൽ നിന്നാണ് നാടൻ പാട്ട് പഠിച്ചത്. ഇപ്പോഴും അമ്മ പഴയകാല പാട്ടുകൾ രാജന് ചിട്ടപ്പെടുത്തി കൊടുക്കാറുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ മാത്രമുള്ള ആയോധനകല പാട്ട്, തിരുവാതിര കളിപ്പാട്ട്, കമ്പുകളിപ്പാട്ട് എന്നിവ തനത് വാദ്യോപകരങ്ങളിൽ പാടി വേദികളിൽ അവതരിപ്പിച്ചുവരുന്നു.
അന്യംനിന്നുപോയ കലകൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബുധനൂർ 'തായ് മൊഴി' നാടൻ കലാ സാംസ്കാരിക പഠനകേന്ദ്രം രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു. ഇവിടെ 25ൽ പരം കലാകാരൻമാരുണ്ട്. മൂടിയാട്ടം, പാക്കനാർ കോലം, കമ്പുകളി, പടവെട്ട് എന്നീ കലാരൂപങ്ങൾ ഉൾപ്പെടുത്തിയാണ് തായ് മൊഴി സംഘം വേദികളിൽ അവതരിപ്പിക്കുന്നത്. മക്കളായ ശ്രീജ, ആദിത്യ എന്നിവരും മരുമക്കളയായ അരുൺ, നന്ദു എന്നിവരും ഭാര്യ ശാന്തമ്മയും രാജനൊപ്പമുണ്ട് വേദികളളിൽ. 18 വർഷമായി നാടൻപാട്ട് മേഖലയിൽ സജീവമാണ് ഉണ്ണി മാന്നാർ. അനുജൻ കണ്ണൻ മാന്നാർ നേതൃത്വം നൽകുന്ന ആലപ്പുഴ നാട്ടില്ലം നാടൻപാട്ടു സമിതിയിലെ പ്രധാന പാട്ടുകാരനായും നാടൻപാട്ടു ഗവേഷകനായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ ആര്യാട് ബ്ലോക്കിനു കീഴിൽ നാടൻപാട്ട് അദ്ധ്യാപകനായി ജോലി നോക്കുന്നതിനോടൊപ്പം നിർമ്മാണ തൊഴിലാളികൂടിയാണ് ഉണ്ണി. 2018ൽ കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അർഹനായിട്ടുണ്ട്. നർത്തകിയാണ് ഭാര്യ വീണ. മക്കളായ ഋതു കൃഷ്ണ പെരുമാളും ധ്രുവ് കൃഷ്ണ പെരുമാളും നാടൻപാട്ടുകാരനാണ്.

20 വർഷമായി കളരിപ്പയറ്റ് രംഗത്തുള്ള പ്രവർത്തനം വിലയിരുത്തിയാണ് രദീപിന് പുരസ്കാരം നൽകിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി കളരിപ്പയറ്റ് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള രദീപിന് 2018ലെ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ കൺവീനറാണ്. മാന്നാർ ബ്രഹ്മോദയം കളരിയുടെ ഉടമയായ രദീപ് വള്ളംകുളം രാമൻകുട്ടി, ടി ആർ പദ്മനാഭൻ എന്നീ ആശാന്മാരുടെ ശിക്ഷണത്തിലാണ് കളരിപ്പയറ്റ് അഭ്യസിച്ചത്.