അമ്പലപ്പുഴ: സന്നദ്ധ സംഘടനകൾ നടത്തിവന്ന ഭക്ഷണവിതരണം നിറുത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണത്തിനായി നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും. ആശുപത്രി വളപ്പിലുണ്ടായിരുന്ന കാന്റീൻ 7 മാസങ്ങൾക്കു മുമ്പ് അടച്ചിരുന്നു.പിന്നീട് ആശുപത്രിക്കു വടക്കുഭാഗത്തുള്ള ഗേറ്റിനു വെളിയിലുള്ള ഹോട്ടലുകളായിരുന്നു ഇവർക്ക് ആശ്രയം. രണ്ടു ദിവസത്തിനു മുൻപ് ഈ ഭാഗം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ കടകളെല്ലാം അടച്ചു പൂട്ടി. ഇതോടെയാണ് 1500 ൽ അധികം വരുന്ന ജീവനക്കാരും, രോഗികളും, ബന്ധുക്കളും ഭക്ഷണത്തിനായി നെട്ടോട്ടമോടുന്നത്. ജില്ലയുടെ പുറത്തു നിന്നും വളരെ അകലെ നിന്നും വരുന്നവരാണ് ജീവനക്കാരിൽ ഏറെയും.
മുമ്പ് ഡി.വൈ.എഫ്.ഐ, ചേതന പാലിയേറ്റിവ് സൊസൈറ്റി തുടങ്ങിയ സംഘടനകൾ ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഇത് നിർത്തിവയ്ക്കുകയായിരുന്നു. കൂടെ ആരുമില്ലാത്ത രോഗികൾക്ക് ചില സന്നദ്ധ പ്രവർത്തകർ ആഹാരം വാങ്ങി നൽകിയിരുന്നെങ്കിലും സന്ദർശക വിലക്കേർപ്പെടുത്തിയതോടെ അതും നിലച്ചു. കാന്റീൻ നടത്തിപ്പിന് ടെണ്ടർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ആശുപത്രി വികസന സമിതി നേരിട്ട് കാന്റീൻ നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.