ചേർത്തല: ചേർത്തല താലൂക്കിലെ പള്ളിത്തോട് തീരത്ത് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന പത്തുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. അന്ധകാരനഴിയിലെ ഒരാൾക്ക് പോസിറ്റീവായി.സമുദ്റോത്പന്ന ശാലയിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കുത്തിയതോട്,കോടംതുരുത്ത്,എഴുപുന്ന,പട്ടണക്കാട്,പാണാവള്ളി,ചേർത്തല എന്നിവിടങ്ങളിലായി 17 പേർക്കും പരിശോധനാ ഫലം പോസിറ്റീവായി.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തുറവൂർ സ്വദേശിക്കും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗർഭിണിയെ പരിശോധിച്ച രോഗബാധിതനായ ഡോക്ടറുടെയും നഴ്‌സിന്റെയും ഫലം നെഗറ്റീവായി. ഇരുവരും ഇന്ന് ആശുപത്രി വിടും.9നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷമേ ഇവർക്കു ജോലിക്കെത്താനാകുകയുള്ളു.ചേർത്തലയിൽ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സുമായി സമ്പർക്കമുണ്ടായ ഗർഭിണികളുടെയും കുട്ടികളുടെയുമടക്കം 71 പേരുടെ സ്രവപരിശോധന ഇന്നലെ നഗരത്തിലെ കോര്യംപള്ളി എൽ.പി സ്‌കൂളിൽ നടന്നു.വയലാറിലും സമുദ്റോത്പന്ന ശാലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 67 പേരുടെ ആന്റിജൻ പരിശോധനയും പൂർത്തിയാക്കി.രോഗവ്യാപന സാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്റണങ്ങൾ ഏർപ്പെടുത്തി താലൂക്കിലെ പൊതു നിയന്ത്റണങ്ങളിൽ അയവുവരുത്താൻ പ്രാഥമിക ചർച്ചകൾ നടന്നു.
മന്ത്റി യോഗം വിളിച്ചു
താലൂക്കിലെ പൊതുസ്ഥിതി വിലയിരുത്താൻ ഭക്ഷ്യമന്ത്റി പി.തിലോത്തമൻ ഇന്ന് ഉച്ചയ്ക്ക് 2ന് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പൽ ചെയർമാനും തഹസിൽദാറും ആശുപത്രി സൂപ്രണ്ടും യോഗത്തിൽ പങ്കെടുക്കും.താലൂക്ക് ആശുപത്രി വിഷയങ്ങളും പ്രശ്‌നബാധിതമല്ലാത്ത മേഖലകളിലെ നിയന്ത്റണങ്ങളിലെ ഇളവുകളും ചർച്ചചെയ്യും.തീരദേശത്ത് കാർഡ് ഒന്നിന് 5 കിലോ സൗജന്യ റേഷൻ പുറമെ ഒരു കിലോ പയറും നൽകുമെന്ന് മന്ത്റി അറിയിച്ചു.തീരദേശത്ത് 23വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.താലൂക്കിന്റെ മറ്റ് ഭാഗങ്ങളിൽ ലോക്ഡൗൺ നിയന്ത്രങ്ങൾ എന്നുവരെ തുടരുമെന്ന് ഉത്തരവിൽ പ്രഖ്യാപിച്ചിരുന്നില്ല.ലോക്ഡൗൺ എന്നുവരെ തുടരണമെന്ന് മന്ത്രി വിളിച്ച യോഗത്തിൽ ചർച്ച ചെയ്യും.