tv-r

തുറവൂർ: ചേർത്തല താലൂക്കിൽ ലോക്ക്ഡൗൺ ആയതോടെ വില്പനയ്ക്കായി വാഹനത്തിൽ കൊണ്ടുവന്ന 21 ലിറ്റർ വിദേശമദ്യം പട്ടണക്കാട് പൊലീസ് പിടികൂടി. രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 3 പേരാണ് അറസ്റ്റിലായത്.

തുറവൂർ പഞ്ചായത്ത് 18-ാം വാർഡ് പള്ളിത്തോട് കുന്നുംപുറത്ത് പ്രസിദ്ധ് (39), കടക്കരപ്പള്ളി കിഴക്കേവെളി വീട്ടിൽ അജിമോൻ (31) , കടക്കരപ്പള്ളി മണിമന്ദിരം വീട്ടിൽ മണിക്കുട്ടൻ (42) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ പൊന്നാംവെളി മാർക്കറ്റിന് സമീപം ഇന്നലെ രാവിലെ 11.15ന് നടത്തിയ പരിശോധനയിലാണ് പ്രസിദ്ധ് പിടിയിലായത്.സ്കൂട്ടറിൽ വരികയായിരുന്ന ഇയാളിൽ നിന്ന് 12 ലിറ്റർ മദ്യം (അര ലിറ്ററിന്റെ 24 കുപ്പി) പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പികൾക്ക് മുകളിൽ പച്ചക്കറി വിതറിയ നിലയിലായിരുന്നു. വൈകിട്ട് നാലോടെ കടക്കരപ്പള്ളിയിൽ നിന്നാണ് കാറിൽ 9 ലിറ്റർ മദ്യവുമായി അജിമോനെയും മണിക്കുട്ടനേയും പിടികൂടിയത്. ഇന്നലെ രാവിലെ ആലപ്പുഴ പാതിരപ്പള്ളിക്കു സമീപമുള്ള ബാറിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയത്. ദിവസങ്ങളായി മൂന്ന് പേരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ലോക്ക്ഡൗൺ ആയതോടെ മദ്യം ഉയർന്ന വിലയ്ക്ക് വില്പന നടത്തി വരികയായിരുന്നു മൂവരുമെന്ന് പട്ടണക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.എസ്.ബിജു പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.