കുട്ടനാട്: പാടത്ത് വലയിട്ട് മീൻ പിടിക്കാനിറങ്ങിയ ആട്ടോറിക്ഷാ തൊഴിലാളി 11 കെ.വി ലൈനിൽ നിന്നു വൈദ്യുതാഘാതമേറ്റ് മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് മൂന്നാംവാർഡ് കാപ്പിൽ വെളുത്തേടം വീട്ടിൽ ജോർജജ്കുട്ടി ആന്റണി (46) ആണ് മരിച്ചത്. ചമ്പക്കുളം പഞ്ചായത്തിൽ രണ്ടാംകൃഷി ഇറക്കാതെയിരുന്ന വടക്കേതൊള്ളായിരം പാടശേഖരത്ത് ഇന്നലെ വൈകിട്ട് ആറോടെ വലയിടുന്നതിനിടെ കഴുക്കോൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. വള്ളം ഒഴുകി നടക്കുന്നത് കണ്ടു മറ്റുള്ള തൊഴിലാളികൾക്ക് സംശയം തോന്നി നടത്തിയ തിരച്ചിലിനൊടുവിൽ ആന്റണിയെ മരിച്ച വള്ളത്തിൽ നിലയിൽ കണ്ടെത്തുകയുമായിരുന്നു.
പുളിങ്കുന്ന് പഞ്ചായത്തിൽ കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം ഏറിയതിനെത്തുടർന്ന് ഇവിടം കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓട്ടമില്ലാതായ ജോർജ് കുടുംബം പുലർത്താനായി മത്സ്യബന്ധനത്തിന് ഇറങ്ങുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജിഷ ജോർജ്ജ്. മക്കൾ: ജോർജ്ജിനാമോൾ, ജോയൽ മോൻ