s

 ജില്ലയുടെ തീരത്ത് കടലാക്രമണത്തിന് ശമനമില്ല

ആലപ്പുഴ : തുടർച്ചയായ മൂന്നാം ദിവസവും ജില്ലയുടെ തീരങ്ങളിൽ കടൽ കലിതുള്ളിയതോടെ ഉറക്കം നഷ്ടപ്പെട്ട് തീരദേശവാസികൾ .കാർത്തികപ്പള്ളി താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. നിരവധിവീടുകളിൽ കടൽവെള്ളം ഇരച്ചുകയറി. ഏതുസമയവും കടലെടുത്തേക്കാം ഭയപ്പാടോടെയാണ് തീരവാസികൾ വീടുകളിൽ കഴിയുന്നത്.

200ൽഅധികം വീടുകൾ കടൽ വിഴുങ്ങാവുന്ന സ്ഥിതിയിലാണ്. കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് കടപുഴകിയത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ നഗരസഭ, കാട്ടൂർ, ഒറ്റമശ്ശേരി, പള്ളിത്തോട്,അരൂർ എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തം. നിലവിൽ കടൽ ഭിത്തിയില്ലാത്ത ഭാഗത്ത് തിരമാലകൾ ഇരച്ചുകയറിയതാണ് വീടുകൾ വെള്ളക്കെട്ടിലാകാൻ കാരണം. കടൽഭിത്തിയുള്ളിടത്താകട്ടെ കൂറ്റൻ തിരമാലകൾ ഭിത്തിക്ക് മുകളിലുടെ അടിച്ചുകയറിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. കടലാക്രമണ പ്രദേശങ്ങളിൽ റവന്യൂ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ മുൻകരുതൽ പ്രവർത്തനം ആരംഭിച്ചു.റോഡിൽ അടിഞ്ഞുകൂടിയ മണലും ചെളിയും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലികൾ ആറാട്ടുപുഴയിൽ ആരംഭിച്ചു.

 ആശങ്കയൊഴിയാതെ

അമ്പലപ്പുഴ

പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര പഞ്ചായത്തുകളുടെയും ആലപ്പുഴ നഗരസഭയുടെ തീരത്തുമാണ് അമ്പലപ്പുഴ താലൂക്കിൽ കടലാക്രമണം ശക്തം. പുറക്കാട് പഞ്ചായത്തിലെ ആനന്ദേശ്വരത്ത് കുറ്റൻ തിരമാലകൾ നിലവിലെ കടൽ ഭിത്തിക്കു മുകളിലൂടെ ഇരച്ചുകയറി ദേയീതപാതവരെ എത്തി. വീടുകളും വെള്ളത്തിൽ മുങ്ങി. ഒന്ന്,17, 18 വാർഡുകളിലുള്ളവരാണ് ദുരിതത്തിൽ. അമ്പലപ്പുഴ കോമന, പുന്നപ്ര ചള്ളിയിൽ, ഗലീലിയ തീരത്തും വായ്ക്കൽ മത്സ്യഗന്ധി മുതൽ കാട്ടൂർ വരെയുള്ള ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. വാടയ്ക്കൽ, ഗുരുമന്ദിരം, വട്ടയാൽ വാർഡുകളിലെ 200കുടുംബങ്ങൾ കടൽവെള്ളം വീടുകളിലേക്ക് അടിച്ചു കയറിയതിനെത്തുടർന്ന് ദുരിതത്തിലാണ്. പുന്നപ്ര ഫിഷ്ലാൻഡിംഗ് സെന്ററും കടലാക്രമണ ഭീഷണി നേരിടുന്നു. നഗരസഭാ പരിധിയിൽ പൊഴി മുറിക്കുന്ന ജോലികൾ അധികൃതർ ആരംഭിച്ചു.

 നെഞ്ചിടിപ്പോടെ ആറാട്ടുപുഴ
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് കടലാക്രമണം വലിയ നാശം വിതച്ചു. നല്ലാണിക്കലിൽ ഒരുവീട് ഭാഗികമായി തകർന്നു. നിരവധി വീടുകൾ അപകടഭീഷണിയിലാണ്. തൃക്കുന്നപ്പുഴ-ആറാട്ടുപുഴ തീരദേശ റോഡിലൂടെയുള്ള യാത്ര തടസപ്പെടുത്തും വിധത്തിൽ മണലും ചെളിയും പാറകളും കൊണ്ട് നിറഞ്ഞു. നല്ലാണിക്കൽ, പെരുംമ്പള്ളി, രാമഞ്ചേരി, വലിയഴീക്കൽ, കള്ളിക്കാട്, പെരുംമ്പള്ളി, മംഗലം, പതിയാങ്കര, തൃക്കുന്നപ്പുഴ, പല്ലന, പാനൂർ, തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം. ആറാട്ടുപുഴ ജംഗ്ഷൻ മുതൽ കള്ളിക്കാട് വരെയുള്ള തീരദേശറോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള കടൽഭിത്തിക്ക് മുകളിലൂടെ തിരമാല ഉയർന്ന് പൊങ്ങി കരയിലേക്ക് ഇരച്ചു കയറുകയാണ്.

 ഒറ്റമശ്ശേരിയിൽ

വീടുകൾ വെള്ളത്തിൽ

ചേന്നവേലി, കാട്ടൂർ, ഒറ്റമശേരി, പള്ളത്തോട്, തുറവൂർ എന്നിവടങ്ങളിലാണ് ചേർത്തല താലൂക്കിൽ കടലാക്രമണം ശക്തമായിട്ടുള്ളത്. ഒറ്റമശ്ശേരിയിൽ ഒരു വീട് ർണ്ണമായും നിരവധി വീടുകൾ ഭാഗികമായും മുങ്ങി. ഇവിടെ 400മീറ്റർ നീളത്തിൽ കടൽഭിത്തിയില്ലാത്തതാണ് തിരമാലകൾ കരയിലേക്ക് അടിച്ചുകയറാൻ കാരണം.പള്ളിത്തോട്, തുറവൂർ എന്നിവടങ്ങളിലും ജനങ്ങൾ ദുരിതത്തിലാണ്.

 പുലിമുട്ടിന് 184കോടിരൂപ

കടലാക്രമണം തടയാൻ പുലിമുട്ടുകൾ നിർമ്മിക്കാൻ സർക്കാർ അനുവദിച്ച 184കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ടെണ്ടർ നടപടി പൂർത്തികരിച്ചു. കഴിഞ്ഞ ദിവസം കരാറുകാരൻ എഗ്രിമെന്റിൽ ഒപ്പിട്ടു.കിഫ്ബിയിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ആറാട്ടുപുഴ മുതൽ കാട്ടൂർ തീരം വരെ പുലിമുട്ടുകൾ നിർമ്മിക്കുന്നത്. കൊവിഡും മഴയുമാണ് നിർമ്മാണം ആരംഭിക്കാൻ കാലതാമസം വരുത്തുന്നത്. കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ മണൽ നിറച്ച ജിയോ ട്യൂബ് സ്ഥാപിക്കുന്ന 60ലക്ഷം രൂപയുടെ ജോലികൾ നടക്കുന്നു. കാട്ടൂർ മുതൽ അരൂർ വരെയുള്ള തീരത്ത് പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള രണ്ട് പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. അരൂർഭാഗത്തെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയതായി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ ജേക്കബ് പറഞ്ഞു.

''മുമ്പ് കടൽഭിത്തി കെട്ടിയ സ്ഥലങ്ങളിൽ കരിങ്കല്ല് ഇളകി മാറിക്കിടക്കുന്നതിനാൽ കടലാക്രമണം രൂക്ഷമാകുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് കെട്ടിയ കടൽഭിത്തികൾ ഓരോ വർഷവും അറ്റകുറ്റപ്പണികൾ നടത്തി പുനസ്ഥാപിക്കുകയാണെങ്കിൽ കടലാക്രമണം തടയാൻ കഴിയും.

- തീരദേശവാസികൾ