s

 ഒരിടത്തും ആളുകൂടാത്ത ആദ്യ കർക്കടകവാവുദിനം

ആലപ്പുഴ: സ്നാനഘട്ടങ്ങളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ക്ഷേത്രങ്ങളിൽ പിതൃപൂജയും വീടുകളിൽ ചടങ്ങുകളും നടത്തി പരേതാത്മാക്കളെ സ്മരിച്ചുകൊണ്ട് ഇത്തവണത്തെ കർക്കടക വാവുബലി വേറിട്ടതായി. ആയിരക്കണക്കിനാളുകൾ പിതൃതർപ്പണം നടത്തിയിരുന്ന തൃക്കുന്നപ്പുഴ കടൽത്തീരത്തുൾപ്പെടെ കർശന വിലക്കുണ്ടായിരുന്നതിനാൽ വീടുകളിലാണ് ചടങ്ങുകൾ നടത്തിയത്. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ക്ഷേത്രങ്ങളിൽ പിതൃപൂജ നടത്തിയും പിതൃക്കളുടെ അനുഗ്രഹം തേടി.

തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവീ മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ തൈക്കൽ ശിവപുരി കടൽതീരം, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂർ ആറാട്ടുകടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടൽതീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുതുകുളം കൊല്ലക പോരൂർമഠം ദേവീക്ഷേത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, വേളോർവട്ടം ക്ഷേത്രം എന്നിവിടങ്ങളിലാണ് ജില്ലയിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടന്നിരുന്നത്. തർപ്പണ ചടങ്ങുകൾ ഒഴിവാക്കിയതിനാൽ പിതൃനമസ്‌കാരം, ചാവൂട്ട്, കൂട്ടനമസ്‌കാരം, തിലഹവനം, ഒറ്റനമസ്‌കാരം, പ്രത്യേക പൂജകൾ എന്നീ വഴിപാടുകൾ നടന്നു.
തൃക്കുന്നപ്പുഴ ക്ഷേത്രത്തിൽ തിലഹവനവും പിതൃപൂജയും നടത്താനുള്ള ഓൺലൈൻ സംവിധാനം നിരവധിപേർ പ്രയോജനപ്പെടുത്തി. നേരിട്ടെത്തിയും പണമടച്ച് രസീതു വാങ്ങി. ആർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായില്ല. തിലഹവനവും പിതൃപൂജയും നടത്തുന്ന പ്രസാദം പിതൃക്കൾക്കായി മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ബലിത്തറയിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തി. പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ കുട്ടൻശാന്തിയുടെ നേതൃത്വത്തിലും ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ശാന്തിമാരായ പ്രവീൺ തിരുമേനി, വെങ്കിട്ടഎമ്പ്രാൻ, മണിഅയ്യർ, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രത്തിലെ ശാന്തി സന്ദീപ് കളർകോട്, പല്ലന ശ്രീപോർക്കലി ദേവീ മഹാദേവ ക്ഷേത്രത്തിൽ ബിജു തിരുമേനി, സന്തോഷ്ഭട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വാവുബലി ചടങ്ങുകൾ നടന്നത്.